മലയാലപ്പുഴ: ദേവസ്വം ബോര്‍ഡിന്റെ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവൃത്തിക്കുന്ന വ്യാപാര സ്ഥാപനം വാടക കുടിശികയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ പൂട്ടി സീല്‍ ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥയിലുള്ള മലയാലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള ഷോപ്പിംഗ് കോംപ്ലെക്സിലെ നാലാം നമ്പര്‍ മുറിയാണ് ഇന്ന് പൂട്ടി സീല്‍ ചെയ്തത്.
മലയാലപ്പുഴ താഴം ജ്യോതി ഭവനില്‍ അച്യുതന്‍ നായരുടെ ഉടമസ്ഥയിലുള്ള കടയില്‍ പട്ടും പൂജാ സാധങ്ങളുമായിരുന്നു കച്ചവടം. ഷോപ്പിംഗ് കോംപ്ലക്സില്‍ പതിനൊന്നു മുറികളാണുള്ളത്. വ്യാപാര സ്ഥാപനം സീല്‍ ചെയ്തതിനു പിന്നാലെ ഇതിനെ ചോദ്യം ചെയ്ത് കടയുടമ അച്യുതന്‍ നായരുടെ ബന്ധു അഡ്വ. ബി. അരുണ്‍ ദാസ് സീല്‍ ചെയ്ത താഴ് കത്തിയുപയോഗിച്ച് ഇളക്കിമാറ്റി. സംഭത്തെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ ദേവസ്വം ബോര്‍ഡ് പോലീസില്‍ പരാതി നല്‍കി.
ഹൈക്കോടതിയില്‍ നിന്നും ദേവസ്വം ബോര്‍ഡിന് ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കടമുറി സീല്‍ ചെയ്തതെന്നും 2015 മുതലുള്ള എഴുപതു മാസത്തെ വാടക കുടിശികയായ 2 ,38 ,000 രൂപ ദേവസ്വം ബോര്‍ഡിന് കിട്ടാനുണ്ടന്നും പലതവണ നോട്ടീസ് നല്‍കിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം. രവികുമാര്‍ പറഞ്ഞു. വാടക കുടിശികയുമായി ബന്ധപ്പെട്ടു ദേവസ്വം ബോര്‍ഡ് 2016 ല്‍ പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഷോപ്പിംഗ് കോപ്ലക്സിലെ വാടക കുടിശിക വരുത്തിയ മറ്റു നാലു കടയുടമകള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നതായും ഇതിനെ തുടര്‍ന്ന് ഇവര്‍ കുടിശിക അടച്ചുകൊണ്ടിരിക്കുകയുമാണെന്നും ഇവര്‍ക്ക് വാടക കുടിശികയില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സൈനുരാജ്, ദേവസ്വം വിജിലന്‍സ് ഓഫീസര്‍ രാജീവ് കുമാര്‍, അഡ്മിനിസ്ട്രേറ്റ് ഓഫീസര്‍ എം രവികുമാര്‍, മലയാലപ്പുഴ സി ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനം സീല്‍ ചെയ്തത്.