പത്തനംതിട്ട : ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രോപദേശക സമിതി പിരിച്ചുവിട്ടതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. എന്നാൽ സിപിഎം നടത്തുന്ന മോശപ്പെട്ട കളിയുടെ ഭാഗമായുള്ളതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് സമിതി പ്രസിഡന്റ് എൻ. അനിൽ പറഞ്ഞു. ക്ഷേത്രത്തിൽ ആർഎസ്എസിന്റെ ശാഖ നടക്കുന്നെന്നും ആ സംഘടനയുടെ കൊടികൾ കെട്ടുന്നു എന്നുമുള്ള വിവരങ്ങൾ ദേവസ്വം വിജിലൻസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പിരിച്ചുവിടൽ. അഡ്‌ഹോക്ക് കമ്മിറ്റി ഉണ്ടാക്കാനുള്ള നിർദേശവും അസിസ്റ്റന്റ് കമ്മിഷണർക്ക് നൽകിയിട്ടുണ്ട്.
ക്ഷേത്രത്തിൽ നടന്ന ആർഎസ്എസ് ഡ്രില്ലിന് ഉപദേശകസമിതി ഒത്താശ ചെയ്തെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു. എന്നാൽ ഇവിടെ ശാഖ നടന്നിട്ട് 10 മാസമെങ്കിലുമായെന്നാണ് ഉപദേശകസമിതി പറയുന്നത്. രണ്ട് ഗോപുരങ്ങളിലെ കൊടികൾ വർഷങ്ങളായി അവിടെയുള്ളതാണ്. അത് മാറ്റണ്ട എന്ന് ആർഡിഒ യുടെയും പത്തനംതിട്ട ഡിവൈഎസ്‌പിയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ രണ്ടുവർഷം മുമ്പ് തീരുമാനമായിരുന്നതാണെന്നും ഉപദേശക സമിതി പറയുന്നു. ഉത്സവം അടുക്കാറായ സമയത്ത് ഒരു പ്രശ്നമുണ്ടാക്കാനുള്ള സിപിഎം നടപടിയുടെ ഭാഗമാണിതെന്നും സമിതി ആരോപിക്കുന്നു.