പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആദ്യമായി എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തി പാർട്ട് ടൈം ശാന്തി തസ്തികയിലേക്ക് 2017 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി ആഗസ്റ്റ് 22ന് അവസാനിക്കുമ്പോൾ നിയമന സാധ്യതാ ലിസ്റ്റിൽ നൂറ്റി നാൽപ്പത്തി ഏഴ് പേരാണ് ബാക്കിയുള്ളത് .
ഈ ലിസ്റ്റിൽ 39 പേർക്ക് പ്രായപരിധി കഴിഞ്ഞതിനാൽ ഇനി അപേക്ഷ നൽകാൻ സാധിക്കില്ല. എന്നാൽ ഈ റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴും ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ താൽക്കാലിക, കരാർ അടിസ്ഥാനത്തിൽ ശാന്തിക്കാർ വർഷങ്ങളായി തുടരുന്നുണ്ട്. ഇവരെ പിരിച്ചുവിട്ട് റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ദേവസ്വം മന്ത്രി, ദേവസ്വം പ്രസിഡന്റ് , ദേവസ്വം കമ്മീഷണർ എന്നിവർക്ക് റാങ്ക് ഹോൾഡേഴ്സ് നിവേദനം നൽകിയിട്ടും ഒഴിവുകള്‍ പൂർണമായും റിപ്പോര്‍ട്ട് ചെയ്യാതെ കരാർ ജീവനക്കാരെ തുടരാൻ അനുവദിക്കുന്ന സമീപനമാണ് സർക്കാരും ദേവസ്വം ബോർഡും സ്വികരിക്കുന്നത്.
ഫുൾടൈം, പാർട് ടൈം ശാന്തി തസ്തികയില്‍ 286 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. റിട്ടയർ ചെയ്തവരും സർവീസിലിരിക്കെ മരണപ്പെട്ടവരും രാജിവെച്ച് പോയവരും സബ് ഗ്രൂപ്പ് ഓഫിസർമാരായി പ്രൊമോഷന്‍ ലഭിച്ചവരും തസ്തികമാറ്റം വഴി മറ്റ് തസ്തികയിലേക്ക് പോയവരും 154 പേർ വേറെയും വരും. ഈ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശാന്തി തസ്തികയിലെ നിലവിലുള്ള ഒഴിവുകള്‍ പൂർണമായും റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പി.എസ്.ആർ.യു രംഗത്തുവന്നിട്ടുണ്ട്.