തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി പോലീസ്. ഓറഞ്ച് സോണുകളിലെ ഹോട് സ്‌പോട്ടുകളില്‍ അകത്തേക്കും പുറത്തേക്കും ഒറ്റവഴിമാത്രമേ ഉണ്ടായിരിക്കൂ എന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. ഇവിടെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ആവശ്യമായ സാധനങ്ങള്‍ വാളണ്ടിയര്‍മാര്‍ വീട്ടിലെത്തിച്ചുനല്‍കുമെന്നും ഡിജിപി പറഞ്ഞു.
അതിര്‍ത്തികളില്‍ നിയന്ത്രണം ശക്തമാക്കും. ചെക്ക് പോസ്റ്റുകളില്‍ സീനിയര്‍ ഓഫീസര്‍മാരുണ്ടാവുമെന്നും ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം തുടരുമെന്നും ബഹ്‌റ പറഞ്ഞു. അയല്‍ സംസ്ഥാനത്ത് നിന്നെത്തുന്ന ചരക്കുവണ്ടികളില്‍ പരിശോധന ശക്തമാക്കാനും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു
ലോക്ക് ഡൗണില്‍ പോലീസുമായി ജനങ്ങള്‍ നല്ല രീതിയില്‍ സഹകരിച്ചു. കേരള പോലീസിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെട്ടെന്നും ഡിജിപി പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഹെല്‍പ് ലൈന്‍ തുടങ്ങിയതായും മൂന്നേകാല്‍ ലക്ഷം വീടുകള്‍ കമ്യൂണിറ്റി പോലീസ് സന്ദര്‍ശിച്ചതായും ലോക്‌നാഥ് ബഹ്‌റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോറോണ വൈറസിന്റെ ബോധവത്കരണവും മറ്റുമായി കേരളാ പോലീസ് 412 വീഡിയോകള്‍ ഉണ്ടാക്കി. ഇതിന് വലിയ പ്രചാരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 100 ലേറെ പോസ്റ്ററുകള്‍, ആയിരത്തിലധികം ട്രോളുകള്‍ നിര്‍മ്മിച്ചു. ഇതിനായി സിനിമാതാരങ്ങളുടെത് ഉള്‍പ്പടെ വലിയ സഹായം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സ്റ്റുഡന്റ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി 2.3 ലക്ഷം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.