വയനാട്: ധനകോടി ചിറ്റ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം യോഹന്നാന്‍ മറ്റത്തില്‍ പിടിയിലായി. ഒളിവില്‍ പോയ ഇയാളെ ബംഗളൂരുവില്‍ നിന്നാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകോടി ചിറ്റ്സ് കമ്പനി വിവിധ ജില്ലകളിലെ നൂറിലേറെ നിക്ഷേപകരെ വഞ്ചിച്ചെന്നാണ് പരാതി. ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് 20 കോടിയോളം രൂപയാണ് കമ്പനി തിരികെ കൊടുക്കാനുള്ളത്.
വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 20 കോടിയോളം രൂപയാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരികെ കൊടുക്കാനുള്ളത്. നിലവില്‍ സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടഞ്ഞു കിടക്കുകയാണ്. ജീവനക്കാരില്‍ ഒരുപാട് പേര്‍ക്ക് ശമ്പളവും കൊടുക്കാനുണ്ട്. ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സജി സെബാസ്റ്റ്യന്‍ കഴിഞ്ഞമാസം കീഴടങ്ങിയിരുന്നു. സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും പൂട്ടി ഉടമകള്‍ കബളിപ്പിച്ചെന്ന പരാതിയുമായി ധനകോടി ചിറ്റ്സിലെ ജീവനക്കാരും രംഗത്തെത്തിയിരുന്നു.