ചെന്നൈ: ധനുഷ്, വിജയ് സേതുപതി, അമലപോള്‍ അടക്കം തമിഴിലെ 14 താരങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ജനറല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജൂണ്‍ 18നാണ് ഈ യോഗം നടന്നത്. ഇതില്‍ നടപടിയുടെ വിവിധ കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ എക്സിക്യൂട്ടീവുകള്‍ കമ്മിറ്റിയില്‍ നിന്നും അംഗീകാരം വാങ്ങി. നിര്‍മ്മാതാക്കളില്‍ നിന്ന് മുന്‍കൂര്‍ പ്രതിഫലം വാങ്ങിയ ശേഷം കോള്‍ ഷീറ്റ് നല്‍കാത്ത താരങ്ങള്‍ അടക്കം പട്ടികയില്‍ ഉണ്ട്. ചിമ്പു, വിശാല്‍, എസ് ജെ സൂര്യ, അദര്‍വ, വിജയ് സേതുപതി, യോഗിബാബു എന്നിവര്‍ ഈ പട്ടികയിലുണ്ടെന്നാണ് വിവരം.
ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഇതുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് ഉച്ചയ്ക്ക് ശേഷം തമിഴ് താരങ്ങളുടെ സംഘടന നടികര്‍ സംഘവുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. വിവിധ വിഷയങ്ങളില്‍ 14 നടന്മാര്‍ക്കും നടിമാര്‍ക്കുമെതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നടിമാരായ അമല പോളും ലക്ഷ്മി റായിയും ഷൂട്ടിങ്ങിനിടെ തങ്ങളെ സംരക്ഷിക്കാന്‍ പത്ത് ബോഡി ഗാര്‍ഡുകളെ നിയമിക്കുകയും നിര്‍മ്മാതാക്കളില്‍ നിന്ന് അമിത ശമ്പളം ഈടാക്കുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്നു.