വിജയ് സേതുപതിയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമായ ‘വിടുതലൈ’യിൽ ഗായകനായി ധനുഷ് എത്തുന്നു. ഇളയരാജയുടെ കടുത്ത ആരാധകനായ ധനുഷ് അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽ ആദ്യമായ് പാടുന്നു എന്ന പ്രത്യേകതയും പാട്ടിനുണ്ട്. ഇതാദ്യമായാണ് വെട്രിമാരൻ ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കുന്നത്.
സ്വന്തം ചിത്രത്തിനു വേണ്ടി പല തവണ ധനുഷ് ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും മറ്റൊരു നായകനു വേണ്ടി ആദ്യമായാണു പാടുന്നതെന്നാണു റിപ്പോർട്ടുകൾ. ‘വിടുതലൈ’ക്കു വേണ്ടി മെലഡി ഗാനമാണ് ധനുഷിന്റെ ശബ്ദത്തിൽ പുറത്തു വരുന്നതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിലെ നിർണായക ഘട്ടത്തിൽ വരുന്ന പാട്ടാണിത്.
വിജയ് സേതുപതിക്കൊപ്പം സൂരിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘വിടുതലൈ’. ജയമോഹന്റെ ‘തുണൈവൻ’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ‘വടചെന്നൈ’, ‘അസുരൻ’ എന്നീ ചിത്രങ്ങൾക്കു ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘വിടുതലൈ’.