ഡല്‍ഹി : ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നാണ് മുംബൈയിലെ ധാരാവി. ലക്ഷക്കണക്കിനാളുകളാണ് അവിടെ തിങ്ങിപാര്‍ക്കുന്നത്. ഈ ചേരിയെ ഇന്ന് രാജ്യം മുഴുവനും ആശങ്കയോടെയാണ് കാണുന്നത്. ഇതുവരെ 5 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചെറിയ മുറികളില്‍ പോലും പത്തുമുതല്‍ 12 പേര്‍ വരെയാണ് താമസിക്കുന്നത്. പൊതുശുചിമുറി കുറഞ്ഞത് നൂറോളം പേര്‍ ഉപയോഗിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗവ്യാപന പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം എങ്ങനെ നടപ്പാക്കുമെന്ന നിസ്സഹായതയിലാണ് ഈ ചേരിക്കാര്‍. ഇടുങ്ങിയ കുടിലുകളില്‍ ആളുകള്‍ തിങ്ങിക്കൂടി കഴിയുന്ന ആയിരക്കണക്കിനു താമസകേന്ദ്രങ്ങള്‍. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സ്പര്‍ശിക്കുമ്പോഴോ പകരാവുന്ന കൊറോണ വൈറസിനെ ഇവിടെ അകലെ നിര്‍ത്താന്‍ ഒരു ശാസ്ത്രത്തിനും കഴിയില്ലെന്നതാണു മുംബൈയുടെ ആശങ്കയ്ക്കു കാരണം. ‘ഹോം ക്വാറന്റീന്‍’ എന്നാല്‍ ധാരാവിയില്‍ വെറും സങ്കല്‍പം മാത്രം. കണക്കിലുള്ള കുടിലുകളുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിനടുത്താണ്. ആയിരക്കണക്കിനു കുടില്‍ വ്യവസായങ്ങളുമുണ്ട്. സമൂഹവ്യാപനം ഉണ്ടായാല്‍ ഒരുപക്ഷേ കാര്യങ്ങള്‍ കൈവിട്ടു പോകും.
ഏപ്രില്‍ 1നാണ് ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ച ആദ്യത്തെയാള്‍ മരിക്കുന്നത്. തുണിക്കട ഉടമയായ ഇയാള്‍ ഭാര്യയ്ക്കും ആറു മക്കള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും കൊവിഡ് നെഗറ്റീവ് ആണെന്നു തെളിഞ്ഞിട്ടുണ്ട്. പക്ഷേ, ഇയാളുടെ മരണത്തിന്റെ പിറ്റേ ദിവസം 52കാരനായ ശുചീകരണ തൊഴിലാളിയും 33കാരനായ ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ യാത്രാവഴികളും സമ്പര്‍ക്കപ്പട്ടികയും തയാറാക്കി അധികൃതര്‍ പരിശോധന നടത്തുകയാണ്.
ധാരാവിയെക്കുറിച്ചു ആശങ്ക ഉടലെടുത്തപ്പോള്‍ത്തന്നെ പ്രദേശം മുഴുവന്‍ ക്വാറന്റീന്‍ ചെയ്യുന്ന നടപടികളുമായി ഭരണകൂടം ഇറങ്ങിയിരുന്നു. നഗര ഹൃദയത്തില്‍ 10 ലക്ഷത്തിലേറെപ്പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരി മേഖലയില്‍ സമൂഹ വ്യാപനം പ്രതിരോധിക്കാന്‍ 24 മണിക്കൂറും ആരോഗ്യ വകുപ്പ് ജീവനക്കാരും മുംബൈ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും പോലീസും പല ഷിഫ്റ്റുകളിലായി ഇവിടെ കേന്ദ്രീകരിക്കുന്നു. ധാരാവിയില്‍ സമൂഹവ്യാപനം ഉണ്ടായാല്‍ മുംബൈയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഭീതിയിലാണ് ജനങ്ങളും സര്‍ക്കാരും.