മുംബൈ: ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന മലയാളികളെ തിരിച്ചറിഞ്ഞതായി മുംബൈ പോലീസ്. ധാരാവിയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന പത്തു മലയാളികളെയാണ് തിരിച്ചറിഞ്ഞത്. അവര്‍ മുംബൈ വിട്ടതായും പോലീസ് പറയുന്നു.
ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയ ഇവര്‍ ദിവസങ്ങളോളം ധാരാവിയില്‍ താമസിച്ചു. ഏപ്രില്‍ ഒന്നിനാണ് ആദ്യ കോവിഡ് കേസ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പത്ത് മലയാളികള്‍ കോവിഡ് ബാധിതരാണോ അല്ലയോ എന്ന് കേരളത്തിന് മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും മുംബൈ പോലീസ് പറയുന്നു.
ധാരാവിയില്‍ ഇന്ന് രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച 38 കാരിയുടെ അച്ഛനും സഹോദരനുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7 ആയി. ഇതില്‍ ഒരാള്‍ മരിച്ചു. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് ആസാദ് മൈതാന്‍ പോലീസ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. മുംബൈയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് സമീപമുളള ചായക്കടക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതിയായ മാതോശ്രീ അടച്ചു.