ഇടുക്കി : എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കഠാര കണ്ടെത്തുന്നതിന് വേണ്ടിയുള്ള പോലീസിന്റെ പരിശോധന മൂന്നാം ദിവസവും തുടരുന്നു. കേസിലെ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയെ സംഭവസ്ഥലത്ത് എത്തിച്ചാണ് തെളിവെടുപ്പ്. കത്തി ഉപേക്ഷിച്ചുവെന്ന് പ്രതി പറയുന്ന സ്ഥലങ്ങള്‍ വീണ്ടും വീണ്ടും മാറ്റിപ്പറയുന്നതാണ് പ്രതിസന്ധിക്കു കാരണം. ധീരജിനെ കൊലപ്പെടുത്തിയ ശേഷം ഓടിരക്ഷപ്പെടുന്നതിനിടെ കത്തി ഇടുക്കി കളക്‌ട്രേറ്റിന് സമീപത്തുള്ള വനത്തിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് കേസിലെ ഒന്നാം പ്രതി നിഖില്‍ പൈലി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നത്. കേസില്‍ പിടിയിലായ ദിവസം മുതല്‍ പലവട്ടം ഇയാളെ ഇവിടെ എത്തിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഇത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്നലെ പോലീസിന്റെ വലിയ സംഘം എത്തിയായിരുന്നു പരിശോധന.
കാട് വെട്ടിത്തെളിച്ച് പ്രദേശമാകെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മെറ്റല്‍ ഡിറ്റക്ടറിന്റെ സഹായവും പോലീസ് തേടിയിരുന്നു. കത്തി ഉപേക്ഷിച്ച സ്ഥലം പ്രതി അടിക്കടി മാറ്റിപ്പറയുന്നതാണ് കേസിലെ പ്രധാന തെളിവ് കണ്ടെത്താനുള്ള പ്രതിസന്ധി. ഇന്ന് പ്രതിയെ കാറില്‍ കൊണ്ടുവന്ന് ഡമ്മി പരീക്ഷണവും പോലീസ് നടത്തി. ധീരജിനെ കൊലപ്പെടുത്തിയ ശേഷം സഹായിയുടെ കാറില്‍ രക്ഷപ്പെടുന്നതിനിടെ കഠാര കാട്ടിലേക്ക് എറിഞ്ഞു എന്ന പ്രതിയുടെ മൊഴി വിശ്വാസത്തിലെടുത്തായിരുന്നു പോലീസ് സംഭവം പുനസൃഷ്ടിച്ചത്. കത്തി കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഇതിനായി ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. അതേസമയം നിഖില്‍ പൈലിയുടെ കസ്‌റ്റഡി കാലാവധി നാളെ അവസാനിക്കുകയാണ്. ആയുധം കണ്ടെത്താനുള്ള ശ്രമം ഇന്നും വിജയിച്ചില്ലെങ്കില്‍ ഇയാളെ കൂടുതല്‍ ദിവസം കസ്‌റ്റഡിയില്‍ ആവശ്യപ്പെടാനും പോലീസ് ആലോചിക്കുന്നുണ്ട്.