തിരുവനന്തപുരം : ഇ.ഡിയില്‍ നിന്ന് സമന്‍സ് ലഭിച്ചിട്ടില്ലെന്ന് സ്വപ്ന സുരേഷ്. സാങ്കേതിക തകരാര്‍ കാരണം ഇ – മെയില്‍ ലഭിച്ചിട്ടില്ല. ഇ.ഡി എന്തിനാണ് വിളിച്ചതെന്ന് അറിയില്ല. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞത് പറയും. എല്ലാ അന്വേഷണത്തോടും പൂര്‍ണമായും സഹകരിക്കുമെന്നും സ്വപ്ന പറഞ്ഞു. പറയാനുള്ളത് ശിവശങ്കറിന്റെ പുസ്തകത്തിലെ വ്യാജ പ്രചരണത്തെക്കുറിച്ചാണ്. നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സ്വപ്ന പറഞ്ഞു. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ഒരു വ്യക്തിക്ക് ഭയപ്പെടാനായി ഒന്നുമില്ല. ആരുടെയും സര്‍ട്ടിഫിക്കറ്റ് തനിക്കു വേണ്ട. ശബ്ദ രേഖയെ കുറിച്ച് അന്വേഷിക്കാന്‍ ഉള്ള പൂര്‍ണ ഉത്തരവാദിത്തം അന്വേഷണ ഏജന്‍സികള്‍ക്കാണെന്നും സ്വപ്ന വ്യക്തമാക്കി.
സ്വര്‍ണക്കടത്തുകേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നക്ക് ഇ.ഡി സമന്‍സ് അയച്ചത്. നാളെ മൊഴിയെടുക്കാന്‍ ഹാജരാകാനാണ് നോട്ടീസ്. കസ്റ്റഡിയില്‍ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് പറയുന്ന ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്‌ത് പുറത്ത് വിട്ടതിലാണ് മൊഴിയെടുക്കുക. എം.ശിവശങ്കറാണ് ഇതിനു പിന്നിലെന്ന് സ്വപ്ന അഭിമുഖങ്ങളില്‍ ആരോപിച്ചിരുന്നു.