കട്ടപ്പന :പലപ്പോളും ഭക്ഷണത്തിനായി പലരും ഹോട്ടലുകള്‍ ആശ്രയിക്കേണ്ടി വരുന്നവരാണ്. എന്നല്‍ ഹോട്ടലുകളില്‍ വിളമ്പുന്ന ഭക്ഷണം നിലവാരം ഉള്ളത് ആണോ എന്ന് സാധാരണ ജനങ്ങള്‍ക്ക് വിലയിരുത്താന്‍ സാധിക്കില്ല. ഇത്തരത്തില്‍ മോശമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ ഇപ്പോഴും സംസ്ഥാനത്ത് ഉണ്ടെന്ന് തെളിയിക്കുകയാണ് പുതിയ വാര്‍ത്തകള്‍. ഇക്കുറി കട്ടപ്പനയില്‍ നിന്നാണ് വാര്‍ത്ത എത്തിയിരിക്കുന്നത്. കട്ടപ്പനയില്‍ നഗരസഭ ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇടുക്കി കവലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരാജ ഹോട്ടലിലെ കുടിവെള്ള ടാങ്കില്‍ ചത്ത എലിയെ കണ്ടെത്തി. ഇതോടെ നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടല്‍ അടച്ച് പൂട്ടി.
കട്ടപ്പനയിലെ ഇടുക്കി കവലയില്‍ ഉള്ള വിവിധ ഹോട്ടലുകളില്‍ പരിശോധന നടത്തി. ഇതിന് ഇടയില്‍ ആണ് മഹാരാജാസ് ഹോട്ടലിലും പരിശോധന നടത്തിയത്. ഹോട്ടലിന്റെ കുടിവെള്ളം എടുക്കുന്ന ടാങ്കില്‍ പുഴു അരിച്ച നിലയിലാണ് എലിയെ കണ്ടെത്തിയത്. ഹോട്ടലിന്റെ വൃത്തിഹീനമായ സാഹചര്യം കണക്കിലെടുത്ത് ഭക്ഷണം കഴിക്കാനെത്തിയവരെ ഉദ്യോഗസ്ഥര്‍ മടക്കിയയച്ചു. കട്ടപ്പനയിലെത്തുന്നവര്‍ക്ക് വൃത്തിയുള്ള സാഹചര്യത്തില്‍ ഭക്ഷണം നല്‍കാന്‍ ക്രമീകരണങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വൃത്തിയില്ലാത്ത ഹോട്ടല്‍ പൂട്ടിയ ശേഷമാണ് അധികൃതര്‍ മടങ്ങിയത്. മുമ്പും ഇതേ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും ഹോട്ടല്‍ പൂട്ടുകയും ചെയ്തിരുന്നു.
നേരത്തെ ഭക്ഷണത്തില്‍ ഒച്ചിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തലസ്ഥാനത്തെ ഹോട്ടല്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ച് പൂട്ടിയിരുന്നു. ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധങ്ങളും പിടിച്ചെടുത്തു. വഴുതക്കാട്ടെ ശ്രീ ഐശ്വര്യ ഹോട്ടലില്‍ നിന്ന് വാങ്ങിയ കടലക്കറിയില്‍ നിന്നാണ് തിരുവനന്തപുരം സ്വദേശിക്ക് ഒച്ചിനെ കിട്ടിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ എത്തി ഹോട്ടലില്‍ പരിശോധന നടത്തുകയായിരുന്നു.
ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലുടമക്ക് നോട്ടീസ് നല്‍കി. ഇവിടെ നിന്നും കാലാവധി കഴിഞ്ഞ പാല്‍ ഉല്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് കൂടാതെ നഗരസഭ ആരോഗ്യവിഭാഗം തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഒരാഴ്ചവരെ പഴകിയ ഭക്ഷണങ്ങളാണ് ആറു സ്‌ക്വാഡുകളായി നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്. ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ജൂലായില്‍ സമാനമായ രീതിയില്‍ രാവിലെ നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധനക്കെത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തറിയിച്ചത്. സാമ്പാറില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് പിഴയടിപ്പിച്ച കിഴക്കേകോട്ട ബിസ്മിയില്‍ വീണ്ടു പഴകിയ ഭക്ഷണം പിടിച്ചു.