ചെങ്ങന്നൂർ: മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ജനുവരി 10 നാണ് കൊടിയേറ്റ്. ഫെബ്രുവരി ആറിന് ആറാട്ടോടുകൂടി സമാപിക്കും. ഒട്ടേറെ ഐതിഹ്യ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ പരമശിവൻ ദേവീസമേതനായി കുടികൊള്ളുന്നു . സ്വയംഭൂവാണ് പ്രതിഷ്ഠ . ഇവിടത്തെ ദേവിയുടെ തൃപ്പൂത്ത് പ്രസിദ്ധമാണ്. മറ്റ് പ്രധാനപ്പെട്ട എല്ലാ ആട്ടവിശേഷങ്ങളും ഇവിടെ വർഷത്തിൽ പ്രധാനമാണ്. മകരത്തിലെ തിരുവാതിരയ്ക്ക് കൊടിയേറി കുംഭ -തിരുവാതിരയിൽ ആറാട്ടോടുകൂടി സമാപിക്കുന്ന 28 ദിവസത്തെ ഉത്സവമാണിവിടെ നടക്കുന്നത്. ക്ഷേത്ര കലകൾക്ക് ഊന്നൽ നൽകിയുള്ള വിവിധ പരിപാടികളാവും ഉത്സവനാളുകളിൽ അരങ്ങേറുക.
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ്.നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉത്സവ പരിപാടികൾക്ക് രൂപം നൽകി. ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണോദ്ഘാടനം പ്രമുഖ വ്യവസായി അരുൺ കണ്ണാട്ട് നിർവ്വഹിച്ചു.