പത്തനംതിട്ട : പത്തനംതിട്ട നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയെന്ന വാര്‍ത്ത കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കൌണ്‍സിലര്‍ ദിപു ഉമ്മന്‍ നിഷേധിച്ചു. വസ്തുതാ വിരുദ്ധമായ വാര്‍ത്തയാണിതെന്നും ഭൂരിപക്ഷം കൗൺസിൽ അംഗങ്ങളും ഇങ്ങനെയൊരു വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും ദിപു ഉമ്മന്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിനുപോലും പുറത്താക്കല്‍ നടപടിയെപ്പറ്റി അറിവില്ലെന്നും നഗരസഭയിലെ യുഡിഎഫ് ഭരണസംവിധാനത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചതിലുള്ള ചിലരുടെ ഇഷ്ടക്കേടാണ് പുറത്താക്കല്‍ വാര്‍ത്തയ്ക്കു പിന്നിലെന്നും ദീപു ഉമ്മൻ പറഞ്ഞു
നഗരസഭയിൽ കഴിഞ്ഞ ദിവസം നടന്ന വിദ്യാഭ്യാസ – കലാ – കായിക സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണി മര്യാദകൾ ലംഘിച്ച് വിട്ടുനിന്നു എന്നത് വാസ്തവവിരുദ്ധമാണ്. ഡിസംബർ 31 ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് ഡി.സി.സി പ്രസിഡണ്ട് ബാബു ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി ജെ ജോസഫിനെ കോൺഗ്രസ് നേതൃത്വം വിവരമറിയിച്ച് വിപ്പ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചിരുന്നു. എന്നാല്‍ നടപ്പിലാക്കാൻ പാർലമെൻററി പാർട്ടിക്ക് സാധിച്ചില്ല. മൂന്നുമാസം മുമ്പ് നടന്ന നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് കേരള കോൺഗ്രസ് എം അംഗങ്ങൾക്ക് പി.ജെ ജോസഫ് വിപ്പ് നൽകിയിരുന്നു. വിദ്യാഭ്യാസ – കലാ – കായിക അധ്യക്ഷയുടെ തെരഞ്ഞെടുപ്പിൽ വിപ്പ് ലഭിക്കാത്തതിനാലാണ് വിട്ടുനിന്നതെന്നും ദിപു ഉമ്മന്‍ പറഞ്ഞു.
യുഡിഎഫിന് സ്ഥാനം നഷ്ടമാകാതിരിക്കാൻ ബദൽ മാർഗം കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നിർദേശിച്ചിരുന്നു എങ്കിലും അതനുസരിക്കുവാന്‍ പാർലമെൻററി പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെന്നും അതുകൊണ്ടാണ് യു.ഡി.എഫിന് സ്ഥാനം നഷ്ടമായതെന്നും ദിപു ഉമ്മന്‍ പറഞ്ഞു.