പത്തനംതിട്ട : പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ തകർന്നു കിടക്കുന്ന കൈവരികൾ അടിയന്തിരമായി പുനസ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സഫിയ പന്തളം ആവശ്യപ്പെട്ടു. റോഡ് വീതി കൂട്ടി നവീകരിച്ചെങ്കിലും പല ഭാഗങ്ങളിലും കൈവരികൾ ഇല്ലാത്തത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുകയാണ്. റോഡിന്റെ നിലവാരം ഉയർന്നതോടെ വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നത് മൂലം റാന്നി, കുമ്പഴ, കോന്നി മേഖലകളിൽ അപകടം തുടർക്കഥയായിട്ടുണ്ട്. നിരന്തരമുള്ള അപകടങ്ങളെ തുടർന്ന് പല പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന കൈവരികളും തകർന്നിരുന്നു. എന്നാൽ ഇവ പുനസ്ഥാപിക്കാൻ അധികൃതർ തയ്യാറാവാത്തത് മൂലം തുരുമ്പെടുത്ത് നശിക്കുകയാണ്.
പല സ്ഥലങ്ങളിലും കൈവരികൾ തകർന്നതിന്റെ ഇരുമ്പ് കാലുകൾ യാത്രക്കാർക്ക് ഭീഷണിയായി നിലനിൽക്കുകയാണ്. ഇവ മുറിച്ചു മാറ്റുന്നതിനും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ല. റാന്നി ടൗണിൽ നിരവധി കൈവരികളാണ് അപകടത്തെത്തുടർന്ന് നശിച്ചു കിടക്കുന്നത്. മാമുക്ക് ജംഗ്ഷനിൽ ചരക്കുലോറി ഇടിച്ചു തകർത്ത് കൈവരികൾ കെട്ടിവച്ചിരിക്കുന്ന സ്ഥിതിയിലാണ്. കോന്നി ടൗണിലും അടുത്തിടെ കാറിടിച്ച് കൈവരികൾ തകർന്നിരുന്നു. ഗുണമേന്മയില്ലാത്ത കൈവരികളാണ് സ്ഥാപിച്ചതെന്ന ആക്ഷേപവും നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തിരമായി കൈവരികൾ പുനസ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.