കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ശബ്ദസാമ്പിള്‍ പരിശോധനക്ക് ഹാജരായി. ശബ്ദസാമ്പിള്‍ പരിശോധനക്കായി ദിലീപ് അടക്കമുള്ള പ്രതികള്‍ കാക്കനാട് ചിത്രഞ്ജലി സ്റ്റുഡിയോയിലാണ് ഹാജരായത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ ശബ്ദ സന്ദേശങ്ങള്‍ ഇവരുടെ തന്നെയാണെന്നുറപ്പാക്കാനാണ് പരിശോധന. ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും പരിശോധനക്ക് എത്തി.
ഇന്ന് രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബില്‍ എത്താനാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരുന്നത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണമെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജി അനുവദിച്ചുകൊണ്ട് ഹൈകോടതി പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുള്ള വാദം ഹൈകോടതിയില്‍ ഉയര്‍ന്നു വന്നപ്പോള്‍ ശബ്ദ പരിശോധനക്കായി നോട്ടീസ് അയച്ചപ്പോള്‍ അത് കൈപ്പറ്റാന്‍ പോലും പ്രതികള്‍ തയാറായിരുന്നില്ലെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ അന്വേഷണ സംഘം ശബ്ദപരിശോധനക്കായി നോട്ടീസ് അയച്ചപ്പോള്‍ അന്ന് സ്ഥലത്ത് ഇല്ലായിരുന്നു എന്നാണ് പ്രതിഭാഗത്തിന്റെ വിശദീകരണം. തുടര്‍ന്ന് അന്വേഷണ സംഘം നോട്ടീസ് വീട്ടില്‍ പതിച്ച് മടങ്ങുകയായിരുന്നു. സംവിധായകരായ റാഫി, വ്യാസന്‍ എടവനക്കാട് എന്നിവരെ വിളിച്ചു വരുത്തുകയും അവര്‍ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ ശാസ്ത്രീയ പരിശോധനക്ക് തീരുമാനിക്കുന്നത്.