കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍ പിള്ള. ഇതിനുള്ള അപേക്ഷ തയാറാക്കിവെച്ചിട്ടുണ്ട്. നേരത്തെ തന്നെ കോടതിയില്‍ നല്‍കാനിരുന്നതാണ്. എന്നാല്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരുന്നതിനാലാണ് വൈകിയത്. ഇന്നോ അടുത്ത ദിവസമോ തന്നെ കോടതിയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കുന്നതിനു വേണ്ടി മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ കെട്ടിച്ചമച്ച കഥയാണ് ഗൂഢാലോചനക്കേസ്. തെളിവുണ്ടാക്കുന്നതിനു വേണ്ടി ദിലീപിനെ അറസ്റ്റു ചെയ്യാനാണ് ഈ കേസ് ഉണ്ടാക്കിയത്. എഫ്‌ഐആറില്‍ ആരോപിച്ച ഒന്നും നിലനില്‍ക്കുന്നതല്ല എന്നു ബോധ്യപ്പെട്ടതിനാലാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
പൂര്‍ണമായും കെട്ടിച്ചമച്ച കഥയാണ് ഗൂഢാലോചനക്കേസ്. പ്രതി ഓഡിയോ റെക്കോര്‍ഡ് ചെയ്തെന്നു പറയുന്ന ടാബില്ല, ലാപ്ടോപില്ല. കേസുണ്ടാക്കാന്‍ വേണ്ടി മനഃപൂര്‍വം ഉണ്ടാക്കിയതാണ് ഇവ. അന്വേഷണ ഉദ്യോഗസ്ഥനുമായി കൂടിച്ചേര്‍ന്ന് തയാറാക്കിയ തിരക്കഥയാണ് എല്ലാം. ഗൂഢാലോചനക്കേസില്‍ മൊബൈല്‍ ഫോണ്‍ പരിശോധിക്കേണ്ട കാര്യമില്ലാത്തതിനാലാണ് എതിര്‍ത്തത്. ഇതില്‍ ഫോണിന് ഒരു ബന്ധവുമില്ല.
കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ തെളിവ് ഇല്ലെന്നു മനസിലായതിനാല്‍ ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങി കള്ളത്തെളിവുണ്ടാക്കാനായി കെട്ടിച്ചമച്ചതാണ് കേസ്. ഒരു കേസിലും പ്രതിയോട് തെളിവു ഹാജരാക്കാന്‍ പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിയമപരമായ അവകാശമില്ല. ജാമ്യം അനുവദിച്ചില്ലെങ്കില്‍ അപ്പോള്‍ തന്നെ പിടിച്ചോണ്ടു പോകാനായി പോലീസ് ഫോഴ്സ് മുഴുവന്‍ ഉപയോഗിച്ചു.
അന്വേഷണ സംഘം നല്‍കിയ ആദ്യ കേസില്‍ ബൈജു പൗലോസിനെ കുറിച്ചോ സന്ധ്യയെ കുറിച്ചൊ പരാമര്‍ശമില്ല. ഉദ്യോഗസ്ഥര്‍ അനുഭവിക്കും എന്നു മാത്രമാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് ഒരു മൊഴി ഉണ്ടാക്കി ഉദ്യോഗസ്ഥരുടെ പേര് ഉള്‍പ്പെടുത്തി ഒരു കഥയുണ്ടാക്കി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ എഫ്‌ഐആര്‍ ഉണ്ടാക്കിയതിലാണ് ഗൂഢാലോചനയുള്ളത്. പോലീസ് ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും നടത്തിയ ഗൂഢാലോചനയാണിത്. അദ്ദേഹം നല്‍കിയ പരാതിയില്‍ 2021 ഏപ്രിലില്‍ എഡിജിപി ബി.സന്ധ്യയെ ബന്ധപ്പെടാന്‍ ശ്രമിച്ചെന്നു പറയുന്നുണ്ട്. അന്നു തുടങ്ങിയ ഗൂഢാലോചനയാണ് ഇത്.
ജില്ലാ കോടതിയില്‍ കേസ് വരുന്നതിനു മുന്‍പ് 2018 ജനുവരി 31ന് വിചാരണക്കോടതിയില്‍വച്ച് ദിലീപ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ ഒരു വാദം. പറഞ്ഞ തീയതിക്കു വിചാരണക്കോടതിയില്‍ ദിലീപ് വന്നിട്ടില്ല. ഒരു ഉത്തരവാദിത്തവുമില്ലാതെ എങ്ങനെയും ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു ഉദ്ദേശ്യം. പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവുമില്ലെന്നു പറഞ്ഞാണ് കോടതി ജാമ്യം അനുവദിച്ചത്.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വസ്തുതയില്ല. ആദ്യത്തെ കേസില്‍ 350 സാക്ഷികളുണ്ട്. അതില്‍ ദിലീപിന്റെ ബന്ധുക്കള്‍ക്കെതിരെയാണ് ആരോപണം. സഹോദരന്‍, സഹോദരി, ഭാര്യ, അടുത്തബന്ധുക്കള്‍ എന്നിവര്‍ വന്ന് എതിര്‍ പറയണമെന്നാണ് പറയുന്നത്. പൊലീസിനു മൊഴിയെടുക്കുമ്പോള്‍ ഒപ്പിടീക്കേണ്ടതില്ല. അതു പിന്തുണയ്ക്കാന്‍ ഒരു സാക്ഷിക്കും ബാധ്യതയില്ല. പോലീസ് എഴുതുന്ന മൊഴിയില്‍ ഒപ്പിടീക്കരുതെന്ന് നിയമം പറയുന്നുണ്ട്. അവര്‍ എഴുതിവെച്ച കളവിനെ പിന്തുണയ്ക്കാനാവില്ലെങ്കില്‍ പിന്തുണയ്ക്കില്ല. അതില്‍ യാതൊരു തെറ്റുമില്ല. എന്തും പറഞ്ഞ് ദിലീപിനെ കസ്റ്റഡിയിലെടുക്കാനായിരുന്നു നീക്കം. കോടതിയെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും വ്യക്തമായി പരിഗണിച്ച് വസ്തുതയില്ലെന്നു കണ്ടാണ് കേസില്‍ കോടതി വിധി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ വസ്തുതകള്‍ അറിയാതെയാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്ന വിമര്‍ശനവും അഭിഭാഷകന്‍ പി. രാമന്‍ പിള്ള ഉയര്‍ത്തി.