കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ഭീഷണിപ്പെടുത്തിയ സംഭവം പ്രത്യേക കേസായി പരിഗണിച്ച് വിസ്തരിക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയിലിൽ നിന്ന് മുഖ്യ പ്രതി കത്തെഴുതി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഇര താനാണെന്നും അതിനാൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കൊപ്പം ഇത് ഉൾപ്പെടുത്തരുതെന്നുമാണ് എട്ടാം പ്രതിയായ ദിലീപിന്റെ ആവശ്യം.
നടിയെ ആക്രമിച്ച കേസിൽ വിചാരണ മറ്റന്നാൾ തുടങ്ങാനിരിക്കെ വിസ്താരത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിനുളള ദിലീപിന്റെ തന്ത്രമാണിതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 31 ഹർജികളാണ് ഇതുവരെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദിലീപ് സമർപ്പിച്ചത്. മാത്രവുമല്ല കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ വിടുതൽ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഈ സാഹചര്യത്തിൽ ദിലീപിന്റെ ഹർജി പരിഗണിക്കരുതെന്നും വിചാരണാ നടപടികൾ തുടരണമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു