കണ്ണൂർ: ദിലീപിനെതിരെ വിവാദ വെളിപ്പെടുത്തലുമായി സംവിധായകന്‍ വിനയന്‍. 10 വർഷക്കാലത്തോളം താൻ സിനിമയിൽ നിന്നും പുറത്ത് നിൽക്കാൻ കാരണം നടൻ ദിലീപാണെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ വിനയൻ. 40 ലക്ഷം രൂപ അഡ്വാൻസായി വാങ്ങിയ ശേഷം ഒരു സംവിധായകന്റെ സിനിമയിൽ ദിലീപ് അഭിനയിക്കാൻ തയാറാകാതിരുന്നതിനെ താൻ ചോദ്യം ചെയ്തപ്പോഴാണ് അയാൾ തനിക്കെതിരെ തിരിഞ്ഞതെന്നും തന്നെ സിനിമാ വ്യവസായത്തിൽ നിന്നും പുറത്താക്കുമെന്ന് ദിലീപ് പറഞ്ഞിരുന്നതായും വിനയൻ പറയുന്നു. താൻ മാക്ടയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കാലത്താണ് ഈ സംഭവമെന്നും ഇതിനു ശേഷമാണ് തനിക്ക് നേരെയുള്ള വിലക്ക് ഉണ്ടാകുന്നതെന്നും വിനയൻ ചൂണ്ടിക്കാണിച്ചു.
പ്രേംനസീർ സാംസ്കാരിക സമിതിയും കണ്ണൂർ എയ്‌റോസിസ് കോളേജുമായി ചേർന്ന് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു വിനയൻ. 10 വർഷകാലത്തെ നിയമപോരാട്ടം നടത്തി അനുകൂല വിധി സമ്പാദിച്ച ശേഷമാണ് താൻ സിനിമയിലേക്ക് മടങ്ങിയെത്തിയതെന്നും എന്നാൽ തനിക്ക് 10 വർഷം നഷ്ടമായെന്നും വിനയൻ പറഞ്ഞു. ‘ഒരുകാലത്തും തന്നെ അവാർഡുകൾക്ക് പരിഗണിക്കാറില്ല. സത്യം വിളിച്ചുപറയുന്നയാൾക്ക് എന്തിന് അവാർഡ് നൽകണം എന്നാണ് അവർ ചിന്തിക്കുക. അന്നന്ന് കണ്ടവരെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ. താൻ ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയൻ’ എന്ന സിനിമ ചെയ്യുന്ന കാലത്ത് നായകൻ ജയസൂര്യയുടെ ചിത്രം നൽകാൻ പോലും വിസ്സമ്മതിച്ചവരാണ് സിനിമാ രംഗത്തുള്ളത്. പുതുമുഖങ്ങൾ വന്നാൽ തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുമോ എന്നാണ് അവർ ഭയപ്പെട്ടിരുന്നത്’. മനുഷ്യസ്നേഹത്തിന്റെയും വിനയത്തിന്റെയും കാര്യത്തിൽ പ്രേംനസീറിന് പിന്നിൽ പോലും നടക്കാൻ യോഗ്യതയുള്ള ഒരാളും ഇന്ന് സിനിമയിൽ ഇല്ലെന്നും വിനയൻ അഭിപ്രായപ്പെട്ടു.