തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സ്യൂട്ട് ഹര്‍ജിയിലടക്കം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ എതിര്‍പ്പ് പരസ്യമാക്കി വീണ്ടും ഗവര്‍ണര്‍. ആഴ്ചകളായി തുടരുന്ന അഭിപ്രായ വ്യത്യാസത്തിൽ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് ആവര്‍ത്തിക്കുന്നതാണ് ഗവര്‍ണറുടെ പ്രതികരണം. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവൻ ഗവര്‍ണര്‍ തന്നെയാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആവര്‍ത്തിച്ചു. അതുകൊണ്ടു തന്നെ നയപരവും നിയമപരവുമായ കാര്യങ്ങൾ ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വിശീകരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും സ്യൂട്ട് ഹര്‍ജി ഫയൽ ചെയ്യാനുമുള്ള സംസ്ഥാനത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ല. സംസ്ഥാന സര്‍ക്കാരിന് അതിന് അവകാശവുമുണ്ട്. പക്ഷെ ഭരണഘടനാ തലവനെന്ന നിലയിൽ അറിയിക്കേണ്ട ബാധ്യതയും സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണര്‍ അറിയേണ്ടത് മാധ്യമങ്ങളിലൂടെ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനൻസിലടക്കം വലിയ അഭിപ്രായ ഭിന്നതയാണ് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ളത്. തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനൻസിൽ ഒപ്പുവക്കുകയോ തിരിച്ചയക്കുകയോ ചെയ്യാത്ത ഗവര്‍ണറുടെ നടപടിയെ അപ്പാടെ അംഗീകരിക്കുന്ന പ്രതിപക്ഷം പക്ഷെ പൗരത്വ നിയമ ഭേദഗതിയെ അനുകൂടിക്കുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്.