ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഡല്‍ഹി സന്ദര്‍ശിക്കും. നാളെ മുതല്‍ 25ാം തീയതി വരെ മമത ഡല്‍ഹിയില്‍ തുടരും. ഈ മാസം 29 നാണ് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുക. വിവാദ കാര്‍ഷിക ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും ഇവ സൃഷ്ടിച്ച ദുരിതങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനും തെരഞ്ഞെടുപ്പില്‍ ബിജെപി ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തുകയുമാണ് മമതയുടെ ലക്ഷ്യം. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും മമതാ ബാനര്‍ജി കാണും. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ടിഎംസി മികച്ച വിജയം നേടി തിരിച്ചുവന്നതിനുശേഷം ഇത് രണ്ടാം തവണയാണ് മമത ഡല്‍ഹി സന്ദര്‍ശിക്കുന്നത്. ഡല്‍ഹിയിലെത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി ഈയാഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കൂടിക്കാഴ്ചയില്‍ ബിഎസ്എഫിന്റെ അധികാരപരിധി നീട്ടുന്ന വിഷയവും ഉയര്‍ത്തിയേക്കും.
ഒക്ടോബര്‍ 13ന് ഇന്ത്യ – പാകിസ്താന്‍, ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തികളിലെ, ഇന്ത്യന്‍ മേഖലയില്‍ നിന്ന് 15 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉള്ളിലേക്കുവരെ തെരച്ചില്‍ നടത്താനും പ്രതികളെ പിടികൂടാനും ആഭ്യന്തര മന്ത്രാലയം ബിഎസ്എഫിന് അധികാരം നല്‍കിയിരുന്നു. ബിഎസ്എഫിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനും കള്ളക്കടത്ത് തടയാനുമാണിത് എന്ന നിലപാടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചത്. പാര്‍ലമെന്റ് ബഹളങ്ങള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി റദ്ദാക്കുന്നതായി പ്രഖ്യാപിക്കുന്നതുവരെ 15 മാസങ്ങള്‍ നീണ്ട സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമാണ് കാരണമായത്. ‘ഓരോ കര്‍ഷകനും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ എന്നാണ് മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചത്. സമരത്തിനിടയില്‍ മരിച്ച കര്‍ഷകരെ ഓര്‍മിച്ച മുഖ്യമന്ത്രി, പ്രതിഷേധക്കാര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെയും കുറ്റപ്പെടുത്തി.