ഡല്‍ഹി: ബിഹാറിലെ ബഗുസരായി ലോക്സഭ സീറ്റിനെ ചൊല്ലി ഇൻഡ്യാ സഖ്യത്തിൽ തർക്കം.കനയ്യകുമാറിന് മത്സരിക്കാനായി സീറ്റ് വേണമെന്നാണ് കോൺഗ്രസ് ആവശ്യം. വിട്ടുതരാനാവില്ലെന്നു സി.പി.ഐയും നിലപാട് സ്വീകരിച്ചതോടെ തർക്കം രൂക്ഷമായി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കനയ്യകുമാർ രണ്ടാം സ്ഥാനത്ത് എത്തിയതിനാൽ ബേഗുസരായി അദ്ദേഹത്തിനായി വിട്ടുനൽകണം എന്നാണ് കോൺഗ്രസ് നിലപാട്. സി.പി.ഐ വിട്ട് കോൺഗ്രസിൽ എത്തിയ കനയ്യ ഇപ്പോൾ പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് ആണ്. എന്നാൽ എം. എൽ.എ കൂടിയായ അവധേഷ് കുമാർ റായിയെ സി.പി.ഐ പ്രഖ്യാപിച്ചു പ്രചരണം തുടങ്ങി.സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ ബിഹാറിൽ എത്തിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തി.
അദ്ദേഹത്തിന്‍റെ പിന്തുണ കൂടി നേടിയ ശേഷമായിരുന്നു പ്രഖ്യാപനം.കഴിഞ്ഞ തവണ രണ്ട് ലക്ഷത്തോളം വോട്ട് വാങ്ങി ആർ.ജെ.ഡി.മൂന്നാമതെത്തിയിരുന്നു.സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗിന്‍റെ പേരാണ് ഇത്തവണയും ബി.ജെ.പി മുന്നോട്ട് വച്ചിരിക്കുന്നത്.കനയ്യ കുമാറിനെ കോൺഗ്രസ് മത്സരിപ്പിക്കുമെന്ന് മുൻകൂട്ടി കണ്ടാണ് സി.പി.ഐ സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിച്ചത്.