ഡല്‍ഹി: അയോഗ്യത കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രിംകോടതിയിൽ തടസവാദ ഹരജി. മോദി പരാമര്‍ശം സംബന്ധിച്ച് രാഹുലിനെതിരെ പരാതി നല്‍കിയ പൂര്‍ണേഷ് മോദിയാണ് തടസവാദ ഹരജിയും നൽകിയത്. രാഹുൽ അപ്പീൽ നൽകാനിരിക്കെയാണ് നീക്കം. തന്‍റെ ഭാഗം കൂടി കേൾക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടു.അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ സുപ്രിംകോടതിയില്‍ രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിക്കാനിരിക്കെയാണ് തന്‍റെ വാദം കൂടി കേള്‍ക്കണമെന്ന് പൂര്‍ണേഷ് മോദി ആവശ്യപ്പെട്ടത്.
സൂറത്ത് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താത്തതിനാല്‍ രാഹുൽ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരികെ ലഭിച്ചിട്ടില്ല. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമന്ത് എം.പ്രച്ചക്കാണ് വിധി പറഞ്ഞത്. പത്തിലേറെ അപകീർത്തി കേസുകൾ രാഹുലിനെതിരെയുണ്ടെന്ന് കോടതി പറഞ്ഞു. രാഹുല്‍ ഗാന്ധി സവര്‍ക്കറെ കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരായ കേസും കോടതി ചൂണ്ടിക്കാട്ടി.2019ൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചത്. പിന്നാലെ രാഹുല്‍ ഗാന്ധി എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടു. ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി എന്നിവരെ പരാമര്‍ശിച്ച് എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് ഒരേ തറവാട്ടുപേര് വന്നത് എന്നാണ് രാഹുൽ ചോദിച്ചത്. പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ച് ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് സൂറത്തിലെ കോടതിയിൽ പരാതി നല്‍കിയത്.