കോന്നി : അഡ്വ.കെ യു ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കോന്നിയിൽ കഴിഞ്ഞ പതിനഞ്ച് ദിവസമായി നടന്നുവന്നിരുന്ന കോന്നി കരിയാട്ടം എക്സ്പോയിൽ അതൃപ്തി പുകയുന്നു. സി പി ഐ അടക്കമുള്ള ഇടതുപക്ഷ ഘടക കക്ഷികളുടെ ആളുകളെ പോലും ക്ഷണിക്കാതെ എം.എൽ.എയും ചില ആളുകളും ചേർന്ന് നടത്തിയ പരിപാടിയാണ് ഇതെന്നും ആക്ഷേപമുണ്ട്. മാത്രമല്ല കഴിഞ്ഞ ദിവസം കരിയാട്ടം നടത്തുവാൻ എത്തിയ കലാകാരന്മാർക്ക് ശമ്പളം നൽകാതെ പറഞ്ഞയച്ചത് വലിയ വിവാദം ആവുകയും കലാകാരന്മാർ സമൂഹ മാധ്യമങ്ങളിൽ ഇത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതരിൽ നിന്നുപോലും വലിയ വിമർശനമാണ് എം.എൽ.എക്ക് എതിരെ ഉണ്ടായത്.
കോന്നി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടക്കുന്ന പരിപാടി ടിക്കറ്റ് വെച്ച് നടത്തുമ്പോൾ പഞ്ചായത്തിന്റെ സീൽ ഉള്ള ടിക്കറ്റ് ഉപയോഗിക്കുകയും ഇത് പഞ്ചായത്ത് തന്നെ സീൽ ചെയ്ത് നൽകുകയും ചെയ്യേണ്ടതാണ്. എന്നാൽ ഇതിന് എത്തിയ പഞ്ചായത്ത് അധികൃതരെ ഭരണ സ്വാധീനം ഉപയോഗിച്ച് സ്ഥലത്ത് നിന്നും പറഞ്ഞ് അയച്ചതായും പറയുന്നു. സി പി എം ലെ ചില നേതാക്കൾക്കും എം എൽ എയോടുള്ള എതിർപ്പ് പാർട്ടിക്കുള്ളിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ക്രമസമാധാനം നിയന്ത്രിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരെ പോലും ഈ സ്ഥലത്തേക്ക് അടുപ്പിക്കാതെ ആണ് പരിപാടി നടന്നത്. സി പി എം, ഡി വൈ എഫ് ഐ നിയന്ത്രണത്തിൽ ആയിരുന്നു പരിപാടി നടന്നത് എന്ന ആക്ഷേപവും ശക്തമാണ്.
കൂടാതെ ബ്ലു ഹിൽ എന്ന സ്വകാര്യ ബസ്സ് ഓപ്പറേറ്റർ ഉടമ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് ഒരു കാരവാൻ സൗജന്യമായി നൽകിയതായി എം എൽ എ വേദിയിൽ അറിയിക്കുകയും വനം മന്ത്രി ഇതിന്റെ ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വാഹനം ബസ് ഓണർ തന്നെ അടവിയിൽ പ്രവർത്തിപ്പിക്കുകയും ലാഭ വിഹിതം അവര്‍ തന്നെ എടുക്കുകയും ചെയ്യുന്നു എന്നാണ് ഇപ്പോൾ അറിയുന്നത്. മാത്രമല്ല സർക്കാർ പരിപാടിക്ക് സർക്കാർ വളരെ കുറച്ച് തുക മാത്രമാണ് നൽകിയത്. എന്നാൽ പതിനഞ്ച് ദിവസം നീണ്ട് നിന്ന പരിപാടിക്ക് ആവശ്യമായ കോടികൾ എവിടെ നിന്നും കണ്ടത്തി എന്നതും സംശയാസ്പദമാണ്.