തിരുവനന്തപുരം : എ.ഐ.സി.ടി.ഇ അനുമതി നല്‍കിയിട്ടും കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് എം.ബി.എ കോഴ്സിന്റെ അംഗീകാരം പുതുക്കാന്‍ സര്‍ക്കാര്‍ വിലക്ക്. ഓപണ്‍ സര്‍വകലാശാല കോഴ്സുകള്‍ക്ക് യു.ജി.സി അംഗീകാരം ലഭിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും കേരളത്തില്‍ വിദൂരവിദ്യാഭ്യാസ വിഭാഗം വഴി നടത്തുന്ന ഏക എം.ബി.എ കോഴ്സിന്റെ ഭാവി. കഴിഞ്ഞ വര്‍ഷം കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ എം.ബി.എ കോഴ്സിന് യു.ജി.സി അംഗീകാരം ലഭിച്ചിരുന്നില്ല.
റെഗുലേറ്ററി അതോറിറ്റിയായ എ.ഐ.സി.ടി.ഇയുടെ അനുമതി സഹിതം അപേക്ഷിക്കാനായിരുന്നു യു.ജി.സി നിര്‍ദേശിച്ചത്. വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ അംഗീകാരം പുതുക്കുന്നതിന് യു.ജി.സിക്ക് അപേക്ഷ നല്‍കാന്‍ കഴിഞ്ഞ വര്‍ഷം വൈകിയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതോടെ യു.ജി.സി ആവശ്യപ്പെട്ട എ.ഐ.സി.ടി.ഇ അനുമതി സഹിതം എം.ബി.എ കോഴ്സിന് അപേക്ഷിക്കാന്‍ സര്‍വകലാശാലക്ക് സാധിച്ചിരുന്നില്ല. ഈ വര്‍ഷം നേരത്തേതന്നെ എ.ഐ.സി.ടി.ഇയുടെ അനുമതി നേടിയ സര്‍വകലാശാല എം.ബി.എ കോഴ്സിന്റെയും കഴിഞ്ഞ വര്‍ഷം അംഗീകാരം ലഭിക്കാതിരുന്ന ബി.എസ്സി മാത്സ്, ബി.സി.എ, ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളുടെയും അംഗീകാരം പുതുക്കിയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി തേടിയിരുന്നു.
എന്നാല്‍ ഓപണ്‍ സര്‍വകലാശാല കോഴ്സുകള്‍ക്ക് യു.ജി.സി അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകളില്‍ വിദൂര, പ്രൈവറ്റ് രജിസ്ട്രേഷന്‍ മാതൃകയില്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് വിലക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ എ.ഐ.സി.ടി.ഇ അംഗീകാരം ലഭിച്ചിട്ടും കേരള സര്‍വകലാശാലക്ക് എം.ബി.എ കോഴ്സിന് യു.ജി.സിയുടെ അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യവുമായി.