ഇരവിപേരൂർ : ഇരവിപേരൂർ പഞ്ചായത്തിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നിർദ്ദേശങ്ങൾ നല്കുന്നതിനും ജില്ലാ മെഡിക്കൽ ഓഫീസ് ടീം ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന മേഖലകൾ സന്ദർശിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ടീമിന് ജില്ലാ സർവലൻസ് ഓഫീസർ ഡോ. നന്ദിനി സി എസ്സ്, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ എലിപ്പനി, സെങ്കിപ്പനി, സ്ക്രബ് ടൈഫസ് എന്നീ രോഗങ്ങൾ സ്ഥിതീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആണ് സന്ദർശനം നടത്തിയത്.
എലിപ്പനി പ്രതിരോധ മരുന്നുകൾ പാടത്തു പണിയെടുക്കുന്നവർക്കും മത്സ്യം പിടിക്കാൻ പോകുന്നവർക്കും തൊഴിലുറപ്പ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നിർബന്ധമായും നല്കണമെന്നും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാതെ വന്നാൽ പൊതുജനാരോഗ്യ നിയമം അനുസരിച്ച് പിഴ ശിക്ഷ ഉൾപ്പെടെ നടപടികൾ സ്വീകരിക്കുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദ്ദേശം നല്കി. പകർച്ച വ്യാധി പൊട്ടിപ്പുറപ്പെടാൻ സാഹചര്യം സൃഷ്ടിച്ചാല്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ പബ്ലിക് ഹെൽത്ത് ഓഫീസർ മാരും പൊതുജനാരോഗ്യ നിയമം 2023 അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കാൻ ബാധ്യസ്ഥരാണ് എന്നും ഡോ നന്ദിനി അറിയിച്ചു.