പത്തനംതിട്ട : ജില്ലയില്‍ അനധികൃതമായി പച്ചമണ്ണ്, മണല്‍, പാറ, മറ്റ് ക്രെഷര്‍ ഉത്പന്നങ്ങള്‍ കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. വാഹനങ്ങള്‍ പിടിച്ചെടുത്ത് കേസ് എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ വന്‍തോതില്‍ കുറഞ്ഞിരുന്നു. ജില്ലയുടെ ചിലഭാഗങ്ങളില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ വീണ്ടും ഉണ്ടാകുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡും പരിശോധനയും കര്‍ശനമാക്കിയതായും ശക്തമായ നടപടികള്‍ക്ക് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഷാഡോ പോലീസിന്റെ മിന്നല്‍പരിശോധനയില്‍ ഏനാത്ത് ആനമുക്കില്‍ സ്വകാര്യവ്യക്തിയുടെ വസ്തുവില്‍ നിന്നും മതിയായ അനുമതിപത്രമില്ലാതെ പച്ചമണ്ണ് ഖനനം ചെയ്തതിനും കടത്തിയതിനും ഒരു ജെ സി ബിയും മൂന്നു ടിപ്പറുകളും പിടിച്ചെടുത്തു. ജില്ലാപോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി:ആര്‍.ജോസിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു പരിശോധന. രണ്ടു ടിപ്പറുകളില്‍ പൂര്‍ണമായും മൂന്നാമത്തേതില്‍ മണ്ണ് നിറക്കവെയുമാണ് ഷാഡോ പോലീസ് വാഹനങ്ങള്‍ പിടിച്ചെടുത്ത് തുടര്‍നടപടികള്‍ക്കായി ഏനാത്ത് പോലീസിനെ ഏല്പിച്ചത്.
ജില്ലയില്‍ കോവിഡ് ബാധ തുടരുന്നതിനാല്‍ അഞ്ചാംവട്ട ലോക്ക് ഡൗണിലെ നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി. സാമൂഹ്യ അകലം പാലിച്ചും ശുചിത്വ മാനദണ്ഡങ്ങള്‍ അനുവര്‍ത്തിച്ചും ക്വാറന്റൈനിലുള്ളവര്‍ അതു ലംഘിക്കാതെയും കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കണം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി തുടരുമെന്നും മാസ്‌ക് ധരിക്കാത്ത 103 പേര്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.