കൊല്ലം: ഇളമാട് സ്വദേശി ദിവാകരന്‍ നായരുടെ കൊലപാതകത്തില്‍ ഒരു ബന്ധു കൂടി അറസ്റ്റില്‍. ദിവാകരന്‍ നായരുടെ സഹോദരന്റെ മകന്‍ കൃഷ്ണനുണ്ണിയെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണനുണ്ണിയുടെ ഭാര്യാപിതാവ് അനില്‍കുമാര്‍ കേസില്‍ ഒന്നാം പ്രതിയാണ്. വസ്തു തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 25 നാണ് ദിവാകരന്‍ നായരെ എറണാകുളത്ത് വെച്ച് കൊലപ്പെടുത്തി മൃതദേഹം ബ്രഹ്മപുരത്ത് ഉപേക്ഷിച്ചത്.
നേരത്തെ കേസില്‍ 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും ഒരു സ്ത്രീയും ഉള്‍പ്പെടെയുള്ള പ്രതികളാണ് നിലവിലുള്ളത്. പൊന്‍കുന്നം സ്വദേശിയും കൊല്ലപ്പെട്ട ദിവാകരന്‍ നായരുടെ ബന്ധുവുമായ അനില്‍ കുമാര്‍, രാജേഷ്, അകലക്കുന്നു സ്വദേശി സജീവ്, കൊല്ലം സ്വദേശിനി ഷാനിബ എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെത്തിയ ദിവാകരന്‍ നായരെ പിന്തുടര്‍ന്ന വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്.