ഔറംഗബാദ് : നിര്‍ഭയ കേസിലെ പ്രതിയായ അക്ഷയ് സിംഗിന്റെ ഭാര്യ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി കോടതി മാര്‍ച്ച് 24-ലേക്ക് മാറ്റി. ഇന്ന് ബിഹാറിലെ ഔറംഗബാദ് കോടതി കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരി പുനീത ദേവി ഹാജരായില്ല. തുടര്‍ന്നാണ് ഹര്‍ജി മാറ്റി വച്ചത്.
ബിഹാറിലെ നബിനഗര്‍ സ്വദേശിയായ പൂനിത ചൊവ്വാഴ്ചയാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മാനഭംഗം നടത്തിയ ആളുടെ വിധവയായി അറിയപ്പെടാന്‍ ആഗ്രഹമില്ലെന്നും ശിക്ഷ നടപ്പാക്കി കഴിഞ്ഞാല്‍ താന്‍ വിധവ എന്ന് അറിയപ്പെടേണ്ടി വരുമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. അതിനാല്‍ ശിക്ഷ നടപ്പാക്കും മുന്‍പ് വിവാഹമോചനം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഹര്‍ജി സ്വീകരിച്ച കോടതി ഇന്നത്തേക്ക് വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യുവതി കോടതിയില്‍ ഹാജരായില്ല.
അതേസമയം, വധശിക്ഷ വൈകിപ്പിക്കാനായി പ്രതി നടത്തുന്ന നാടകത്തിന്റെ ഭാഗമാണ് വിവാഹമോചന ഹര്‍ജിയെന്ന് ആരോപണം ഉയര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നിര്‍ഭയ കേസിലെ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം തിഹാര്‍ ജയിലില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.