ഇലന്തൂര്‍ : പ്രസവത്തെത്തുടര്‍ന്ന് ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവുമൂലം മരണമടഞ്ഞ വിദ്യയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. പ്രസവത്തെ തുടര്‍ന്ന് മരണമടഞ്ഞ ഇലന്തൂര്‍ പരിയാരം മുണ്ടപ്‌ളാവു് നില്‍ക്കുന്നതില്‍ അവിന്‍ ആനന്ദിന്റെ ഭാര്യ പത്തനംതിട്ട കാനറാ ബാങ്ക് ഉദ്യോഗസ്ഥയായ ആര്‍.വിദ്യയുടെ സംസ്‌കാര ചടങ്ങുകള്‍ കണ്ടുനിന്നവരുടെ കരളലിയിക്കുന്നതായിരുന്നു.
താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ എന്താന്നെന്ന് പോലും മനസിലാകാതെയാണെങ്കിലും വിതുമ്പലോടെ രണ്ടര വയസുകാരനായ മകന്‍ അദ്രിക്ക് പിതാവിനോടുചേര്‍ന്നു നിന്ന് അമ്മയുടെ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തിയപ്പോള്‍ കൂടിനിന്നവര്‍ക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. ബന്ധുക്കള്‍ ആരോപിക്കുന്നതു പോലെ ചികിത്സാ പിഴവാണ് മരണകാരണമെങ്കില്‍ അവര്‍ തല്ലിക്കെടുത്തിയത് രണ്ടു കുഞ്ഞുങ്ങള്‍ക്കു് കിട്ടേണ്ട മാതൃവാത്സല്യം കൂടിയാണ്.
അഗര്‍ത്തല ഒ.എന്‍.ജി.സി.എഞ്ചനീയറായ അവിന്‍ ആനന്ദിന്റെ ഭാര്യ ആര്‍.വിദ്യയെ കഴിഞ്ഞ 29 നാണ് പ്രസവത്തിനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 30 ന് സിസേറിയനിലൂടെ ഒരു പെണ്‍കുട്ടിയെ പുറത്തെടുത്തു. തുടര്‍ന്ന് വിദ്യ ഹൃദയാഘാതത്താല്‍ മരണപ്പെട്ടെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. നവജാത ശിശു ആശുപത്രിയില്‍ സംരക്ഷണയില്‍ കഴിയുകയാണ്. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.