കൊച്ചി: ഡിജെ പാർട്ടികൾക്കു നേതൃത്വം നൽകുന്ന ഇസ്രയേൽ സ്വദേശിയായ ഡിജെയെ തടയാൻ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഒരുങ്ങുന്നു. ഇയാളുടെ പാർട്ടികളിൽ വൻ തോതിൽ ലഹരിമരുന്നു വിതരണം നടക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടർന്നാണിത്. ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ ഐബിക്കു കസ്റ്റംസ് കൈമാറുകയും ഇയാൾ ഇന്ത്യയിലെത്തുന്നതു തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.
കഴിഞ്ഞദിവസം കസ്റ്റംസും എക്സൈസും ചേർന്നു നടത്തിയ പരിശോധനയിൽ ഇസ്രയേൽ സ്വദേശിയായ ഡിജെയുടെ പാർട്ടിയും ലക്ഷ്യമിട്ടിരുന്നു. എന്നാൽ 2 ദിവസം മുൻപ് പാർട്ടി മൂന്നാറിലേക്കു മാറ്റി. മൂന്നാറിൽ പാർട്ടിക്ക് അനുമതി ലഭിച്ചില്ല. തുടർന്ന് ഇയാൾ ഇസ്രയേലിലേക്കു മടങ്ങുകയായിരുന്നു. വിസിറ്റിങ് വീസയിലെത്തി ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്നതും പ്രതിഫലം പറ്റുന്നതും നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഇയാളുടെ യാത്ര തടയാനാണു നീക്കം.
കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെയുള്ള ഡിജെ പാർട്ടി തടഞ്ഞ ആഡംബര ഹോട്ടൽ ഉടമയ്ക്കു നേരെ സംഘാടകരുടെ ഭീഷണിയെന്നും പരാതി. ഉടമയെ തട്ടിക്കൊണ്ടുപോകാനും ശ്രമം നടന്നു. കഴിഞ്ഞദിവസം രാത്രിയിൽ മട്ടാഞ്ചേരിയിലാണു സംഭവം. വിദേശ ഡിജെ എത്തുമെന്നറിയിച്ചതോടെ എഴുന്നൂറോളം പേരാണ് ഇവിടെ പാർട്ടിക്കെത്തിയത്.
പോലീസും എക്സൈസും അറിയിച്ചപ്പോഴാണു പാർട്ടിക്ക് ഇത്രയധികം പേരെത്തിയതും ലഹരിമരുന്നു വിതരണത്തിനു സാധ്യതയുണ്ടെന്ന കാര്യവുമൊക്കെ അറിയുന്നതെന്നാണ് ഹോട്ടൽ ഉടമയുടെ നിലപാട്. ഇതോടെ പാർട്ടി റദ്ദാക്കാൻ ഉടമ സംഘാടകരോട് ആവശ്യപ്പെട്ടു. ടിക്കറ്റ് വെച്ചു നടത്തുന്ന പാർട്ടി റദ്ദാക്കാൻ പറ്റില്ലെന്നു സംഘാടകരും നിലപാടെടുത്തു. ഇതിനിടെയാണ് വധഭീഷണിയും തട്ടിക്കൊണ്ടുപോകൽ ശ്രമവും നടന്നതെന്നാണ് എക്സെസ് നൽകുന്ന സൂചന. ഇതറിഞ്ഞ എക്സൈസും കസ്റ്റംസും പോലീസ് സഹായം തേടി. മട്ടാഞ്ചേരി എസിപി ഇടപെട്ട് ഉടമയ്ക്കും ഹോട്ടലിനും പോലീസ് സംരക്ഷണം നൽകി.
ഡിജെ പാർട്ടി സംഘാടകർ, ആഡംബര ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും ഉടമകൾ, ഡിജെകൾ എന്നിവരുമായി കസ്റ്റംസും എക്സൈസും ചർച്ച നടത്തും. ഡിജെ പാർട്ടികളിലെ ലഹരിമരുന്നു വിതരണം തടയുന്നതു ലക്ഷ്യമിട്ടാണിത്. ഡിജെ പാർട്ടികൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നും പാർട്ടികളിൽ നിന്ന് ലഹരിമരുന്നു പിടികൂടിയാൽ ഹോട്ടൽ ഉടമകളെയും പ്രതി ചേർക്കുമെന്നും എക്സൈസും കസ്റ്റംസും ആഡംബര ഹോട്ടൽ ഉടമകൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഡിജെ പാർട്ടികൾ നിരോധിക്കാൻ നിർദേശമൊന്നുമില്ലെന്നും അവർ അറിയിച്ചു.
കഴിഞ്ഞ ദിവസം 3 ആഡംബര ഹോട്ടലുകളിലെ ഡിജെ പാർട്ടികളിൽ എക്സൈസും കസ്റ്റംസും ചേർന്നു നടത്തിയ പരിശോധനയെപ്പറ്റി എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. പരിശോധനയിൽ 4 പേരെ അറസ്റ്റ് ചെയ്യുകയും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പ്രതികളെ അധികം വൈകാതെ കസ്റ്റഡിയിൽ വാങ്ങും. പാർട്ടിക്കു ലഹരിമരുന്നെത്തിച്ചതെന്നു കരുതുന്ന ബെംഗളൂരു മലയാളി പയസിനെ എക്സൈസ് തിരയുന്നുണ്ട്. പാർട്ടികളിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യണമെന്നാണ് എക്സൈസിനു ലഭിച്ച നിർദേശമെങ്കിലും ഇതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാകും തുടർ നടപടികൾ.
ഡിജെ പാർട്ടികളെ സിറ്റി പോലീസിന്റെ ആന്റി നർക്കോട്ടിക്സ് സ്പെഷൽ ആക്‌ഷൻ ഫോഴ്സും (ഡാൻസാഫ്) നിരീക്ഷിക്കും. കോവിഡ് രണ്ടാം തരംഗത്തെ തുടർന്നു രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ കുറച്ചു നാളേക്കു ഡിജെ പാർട്ടികൾ നടക്കില്ലെന്നാണു പോലീസ് കരുതുന്നത്. തെരഞ്ഞെടുപ്പുകാല പരിശോധനയ്ക്കിടെ ലഹരിമരുന്നു നീക്കം കുറഞ്ഞിരുന്നതായും ഇനി വർധിക്കാൻ ഇടയുണ്ടെന്നും പോലീസ് കരുതുന്നു.