ചെന്നൈ: തമിഴ്നാട്ടില്‍ നിന്നുള്ള എം.പിയും ഡി.എം.കെ നേതാവുമായ എ രാജയുടെ ഭാര്യ എം.എ പരമേശ്വരി അന്തരിച്ചു. അര്‍ബുദ ബാധിതയായ പരമേശ്വരി ആറുമാസമായി ചെന്നൈയില്‍ ചികിത്സയിലായിരുന്നു. പരമേശ്വരിയുടെ നിര്യാണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അനുശോചിച്ചു. പ്രതിസന്ധിഘട്ടങ്ങളില്‍ എ.രാജയുടെ കൂടെ പരമേശ്വരി ഉറച്ചുനിന്നുവെന്ന് സ്റ്റാലിന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്ന പരമേശ്വരി വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശനിയാഴ്ച പകല്‍ ആശുപത്രിയില്‍ രാജയുടെ കുടുംബത്തെ മുഖ്യമന്ത്രി സ്റ്റാലിന് സന്ദര്‍ശിച്ചിരുന്നു. എന്‍.സി.പി നേതാവ് സുപ്രിയ സുലെ പരമേശ്വരിയോടൊപ്പമുള്ള ഒരു ചിത്രം ട്വീറ്റ് ചെയ്താണ് അനുശോചനം അറിയിച്ചത്. നീലഗിരിയില്‍ നിന്നുള്ള എം.പിയായ എ രാജ നേരത്തെ കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.