പത്തനംതിട്ട : വെളളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു.
ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാനായി ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക. പഴകിയഭക്ഷണം കഴിക്കരുത്. ഭക്ഷണ സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക. ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിര്‍ദേശിക്കപ്പെട്ട സ്ഥലത്ത് മാത്രം നിക്ഷേപിക്കുക.
തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യരുത്. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുക. ഉപയോഗിച്ച മാസ്‌കുകള്‍ വലിച്ചെറിയാതെ ഇതിനായി തയാറാക്കിയ ബിന്നില്‍ സുരക്ഷിതമായി നിക്ഷേപിക്കുക. കഴിയുന്നത്ര സാമൂഹിക അകലം പാലിക്കുക.
കൂട്ടം കൂടുന്നത് ഒഴിവാക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പോ സാനട്ടൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക. വെളളക്കെട്ടുകളില്‍ ഇറങ്ങിവരുന്നവര്‍ക്ക് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ കഴിക്കുക.
സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കരുത്. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ കഴിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മരുന്നുകള്‍ കൈവശം ഇല്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും ഡി.എം.ഒ അഭ്യര്‍ഥിച്ചു.
പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉളളവര്‍ എത്രയും പെട്ടെന്ന് തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം. കോവിഡ് രോഗികള്‍ക്കും സമ്പര്‍ക്കത്തില്‍ ഉളളവര്‍ക്കും പ്രത്യേക ക്യാമ്പുകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജ്ജീകരിച്ചിട്ടുളളത്.
ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍, മറ്റ് അവശ്യമരുന്നുകള്‍, കുടിവെളള സ്രോതസുകള്‍, ക്ലോറിനേറ്റ് ചെയ്യുന്നതിനാവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയവ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പര്‍ : 04682- 228220.