മുണ്ടക്കയം : കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലിലും ഒഴുക്കിലും പെട്ട് ഒരാള്‍ കൂടി മരിച്ചെന്ന് സംശയം. ഉരുള്‍പൊട്ടലില്‍ മരിച്ച എട്ടു വയസുകാരന് അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിര്‍ന്ന പുരുഷന്റെത് ആണെന്നാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിരീക്ഷണം. ഈ സാഹചര്യത്തിലാണ് ഒരാള്‍ കൂടി ഈ ഭാഗത്ത് മണ്ണിനടിയില്‍പ്പെട്ടതായി സംശയം ഉയര്‍ന്നത്.
കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേരാണ് മരിച്ചതെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണിയ (45), മകന് അലന് (എട്ട്), പന്തലാട്ടില്‍ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (42) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
പ്ലാപ്പള്ളിയില്‍ മരിച്ച പലരുടെയും മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ നിലയിലായിരുന്നു. പ്ലാപ്പള്ളിയില്‍ നിലവില്‍ ലിസ്റ്റില്‍ ഇല്ലാത്ത മറ്റാരെങ്കിലും അപകടത്തില്‍പ്പെട്ടോ എന്നാണ് സംശയം. ഇത് സ്ഥിരീകരിക്കാനും അലന്റെ ശരീരഭാരത്തിന് വേണ്ടിയും ഇന്നും തെരച്ചില്‍ തുടരുമെന്ന് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ അറിയിച്ചു.