ന്യൂഡല്‍ഹി: പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടുമ്പോള്‍ സ്വകാര്യത കൂടി കോടതികള്‍ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി. വ്യക്തികളുടെ സ്വകാര്യതയും മാന്യതയും ഉറപ്പു വരുത്താന്‍ കോടതികള്‍ക്കു ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ജൈവിക പിതാവിനെ കണ്ടെത്തുന്നതിനായി കൊച്ചി സ്വദേശിയായ യുവാവ് ഡിഎന്‍എ പരിശോധന നടത്തണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ യുവാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഡിഎന്‍എ പരിശോധന നടത്തിയ ശേഷം ജൈവീക പിതാവല്ലെന്ന് കണ്ടെത്തിയാല്‍ ആ വ്യക്തിക്ക് ഉണ്ടാകുന്ന സാമൂഹികമായ അപമാനം കോടതി ചൂണ്ടിക്കാട്ടി. ഡിഎന്‍എ പരിശോധനകള്‍ക്ക് കോടതി ഉത്തരവിടുമ്പോള്‍ പിതാവ് ആരാണെന്ന് അറിയാനുള്ള കുട്ടിയുടെ നിയമപരമായ അവകാശം കണക്കിലെടുക്കുന്നതിനോടൊപ്പം ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും സ്വകാര്യതയും കണക്കിലെടുക്കണമെന്നും കോടതി പറഞ്ഞു.
യുവാവിന്റെ അമ്മയുടെ വിവാഹം 1989ല്‍ ആയിരുന്നു. 1991ല്‍ ഇവര്‍ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി. 2001ലാണ് ഹര്‍ജിക്കാരന്റെ ജനനം. 2003ല്‍ യുവാവിന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2006ല്‍ കുടുംബകോടതി ഇവര്‍ക്ക് വിവാഹ മോചനം അനുവദിച്ചു. ഔദ്യോഗിക രേഖകളില്‍ പിതാവിന്റെ പേരായി രേഖപ്പെടുത്തിയിരിക്കുന്നത് യുവതിയുടെ നിയമപരമായ ഭര്‍ത്താവിന്റെ പേരാണ്. എന്നാല്‍ 2001ല്‍ തനിക്ക് വിവാഹേതര ബന്ധം ഉണ്ടായിരുന്നെന്നും അതില്‍ ജനിച്ച കുട്ടിയെന്ന നിലയില്‍ പിതാവിന്റെ പേര് ഔദ്യോഗിക രേഖകളില്‍ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് അമ്മ കൊച്ചി കോര്‍പറേഷനെ സമീപിച്ചു. എന്നാല്‍ കോടതി ഉത്തരവില്ലാതെ പേര് മാറ്റാന്‍ കഴിയില്ലെന്നായിരുന്നു കോര്‍പറേഷന്‍ നിലപാടെടുത്തത്. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധനയ്ക്കായി ഹര്‍ജിക്കാരനും അമ്മയും കോടതിയെ സമീപിക്കുന്നത്. 2001ല്‍ അമ്മയും അച്ഛനും ഭാര്യാ ഭര്‍ത്താക്കന്‍മാരായി നിയമപരമായി ജീവിക്കുകയായിരുന്നുവെന്നും വിവാഹേതര ബന്ധം ഉണ്ടെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന്റെ അമ്മയ്ക്ക് സാധിച്ചില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.