തിരുവനന്തപുരം : താൻ പ്രതിനിധീകരിക്കുന്ന തൃത്താല മണ്ഡലത്തിന് പുറത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെയും ഉദ്ഘാടനത്തിന് സ്പീക്കർ എന്ന നിലയിൽ പോകില്ലെന്ന് എംബി രാജേഷ്. ലോക കേരള സഭയുടെ നടത്തിപ്പ് സുതാര്യമാക്കുമെന്ന് പറഞ്ഞ അദ്ദേഹം പൊതുരാഷ്ട്രീയ വിഷയങ്ങളിൽ നിശബ്ദനായിരിക്കുന്ന പ്രശ്നമില്ലെന്നും അറിയിച്ചു.
ഏത് വിഷയത്തിലും ആരോപണങ്ങൾ മാത്രമല്ല അതിന്റെ പശ്ചാത്തലം കൂടി കാണണം. മുൻ സ്പീക്കർ തന്നെ ഉണ്ടാകേണ്ട ജാഗ്രതയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, ആ ജാഗ്രത പാലിക്കും. അതുകൊണ്ട് മണ്ഡലത്തിന് പുറത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് പോകില്ലെന്നത് ഒരു പൊതുനയമായി സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾ പോലുള്ള എന്തെങ്കിലും ഉദ്ഘാടന പരിപാടിയാണെങ്കിൽ ഇളവ് കൊടുക്കേണ്ടതുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു.