തൃശ്ശൂർ : കുട്ടനെല്ലൂരിൽ ദന്താശുപത്രിയിൽവെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോന (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവാഴ്ച്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയിൽവെച്ച് സോനയ്ക്ക് കുത്തേറ്റത്. സുഹൃത്തും ദന്താശുപത്രിയുടെ പാർട്ണറുമായ മഹേഷാണ് വനിതാ ഡോക്ടറെ കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽപോയിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് വർഷമായി സോനയും പാവറട്ടി സ്വദേശിയായ മഹേഷും ചേർന്നാണ് ദന്താശുപത്രി നടത്തിവരുന്നത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനുപിന്നാലെയാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്. ഉദരഭാഗത്തും കാലിലും പരിക്കേറ്റ സോനയെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. കൃത്യം നടത്തിയ ശേഷം കാറിൽ രക്ഷപ്പെട്ട മഹേഷിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് വിവരം. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന വനിതാ ഡോക്ടർ കഴിഞ്ഞ രണ്ട് വർഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്ളാറ്റിലായിരുന്നു താമസം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും ഒല്ലൂർ എസ്.എച്ച്.ഒ. പറഞ്ഞു