തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. നൂറ് കണക്കിന് ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമാണ് സമരത്തില്‍ പങ്കെടുത്തത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നഗരത്തിലെ ഗതാഗതം സ്തംഭിച്ചു. ആരുടെയും ചികിത്സ മുടക്കുന്നതിന് വേണ്ടിയല്ല, തങ്ങള്‍ക്ക് സുരക്ഷിതത്വം വേണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
വന്ദനയുടെ കൊലപാതകത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. നേരത്തെയും വിവിധ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പൂയപ്പള്ളി സ്വദേശിയും നെടുമ്പനയിലെ യു പി സ്‌കൂള്‍ അധ്യാപകനുമായ കുടവട്ടൂര്‍ ശ്രീ നിലയത്തില്‍ സന്ദീപാണ് യുവ ഡോക്ടറെ ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് വന്ദനയ്ക്ക് ഏറ്റത്. സര്‍ജിക്കല്‍ ഉപകരണം വച്ചുള്ള ആക്രമണമാണ് യുവ ഡോക്ടറുടെ മരണത്തിലേക്ക് നയിച്ചത്.