ശരീരത്തില്‍ വച്ച് പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമായാല്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന ഉണ്ടാക്കാം. ശരീരത്തിൽ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടാം. ഇതുമൂലം കഠിനമായ വേദനയും നീർക്കെട്ടും ഉണ്ടാകാം. യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം. പ്യൂരിന്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് കൂടാതിരിക്കാന്‍ സഹായിക്കും. മാമ്പഴം കഴിച്ചാല്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. മാമ്പഴത്തില്‍ പ്യൂരിനുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇവയുടെ അളവ് വളരെ കുറവാണ്.
അതിനാല്‍ മിതമായ അളവില്‍ മാമ്പഴം കഴിച്ചാല്‍ ശരീരത്തില്‍ യൂറിക് ആസിഡ് അടിയാന്‍ സാധ്യതയില്ല. എന്നാല്‍ മാമ്പഴത്തില്‍ ഫ്രക്ടോസും അടങ്ങിയിരിക്കുന്നു. ഫ്രക്ടോസിന്‍റെ അളവ് കൂടുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. എന്നാല്‍ മിതമായ അളവില്‍ മാമ്പഴം കഴിക്കുന്നത് കൊണ്ട് ഫ്രക്ടോസിന്‍റെ അളവ് കൂടാനോ യൂറിക് ആസിഡിന്‍റെ അളവ് കൂടാനോ പോകുന്നില്ല. അതിനാല്‍ മാമ്പഴം അധികമായി കഴിക്കാതിരുന്നാല്‍ മാത്രം മതി.