റാന്നി : പെരുനാട് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ ശരീരത്തില്‍ ആന്റിബോഡി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. പുണെയില്‍ നിന്നുളള പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണ്ണിലേറ്റ കടിമൂലം വൈറസ് വേഗം തലച്ചോറിനെ ബാധിച്ചിരിക്കാമെന്ന് ആരോഗ്യവകുപ്പ്. അഭിരാമിയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ വീട്ടു വീട്ടുവളപ്പിലായിരുന്നു ചടങ്ങുകൾ. അഭിരാമിയുടെ അനുജൻ അഞ്ചു വയസുകാരൻ കാശിനാഥനാണ് കർമങ്ങൾ ചെയ്തതും ചിതയ്ക്ക് തീ കൊളുത്തിയതും. രാവിലെ ഒൻപതു മണിയേടെയാണ് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മന്ദപ്പുഴയിലെ വീട്ടിലെത്തിച്ചത്.
കനത്ത മഴയെ അവഗണിച്ചും മൃതദേഹത്തിൽ അന്ത്യാഞ്‌ജലിയർപ്പിക്കാൻ നൂറ് കണക്കിന് പേരാണ് അഭിരാമിയുടെ വീട്ടിലെത്തിയത്. ചടങ്ങിനിടെ കുഴഞ്ഞു വീണ ബന്ധുവിനെ ആശുപത്രിയിലേക്ക് മാറ്റി.അഭിരാമിയുടെ വീട്ടിൽ എത്താൻ തയ്യാറാവാതിരുന്ന ആരോഗ്യ മന്ത്രിക്കെതിരെയും ജില്ലാ കളക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി.ഓഗസ്റ് 13 ന് വീടിനടുത്തു വച്ച് നായയുടെ കടിയേറ്റ അഭിരാമി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ കഴിഞ്ഞ മൂന്നാം തീയതിയാണ് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപ്രതിയിലെ പിഴവാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.