കൊച്ചി : ഡോളർ കടത്ത് കേസ് രണ്ട് വിദേശ മലയാളി വ്യവസായികളെ പതിനാലാം തീയതി കസ്റ്റംസ് ചോദ്യം ചെയ്യും. ദുബായ് കോൺസുലേറ്റ് വഴി കടത്തിയ ഡോളർ കൈപ്പറ്റിയ മലപ്പുറം സ്വദേശികളായ മുഹമ്മദ് ലാഫിർ, കിരൺ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. വിദേശ യൂണിവേഴ്സിറ്റിയുടെ ശാഖ ആരംഭിക്കുന്നതിനായി ഈ പണം ചെലവഴിച്ചതായാണ് കസ്റ്റംസ് കണ്ടെത്തൽ.
ഡോളർ കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വിദേശത്തുള്ള മലയാളി വ്യവസായികളെ ചോദ്യം ചെയ്യുന്നത്. ഇപ്പോൾ ദുബായിലാണ് സ്വദേശികളായ മുഹമ്മദ് ലാഫിർ, കിരൺ എന്നിവർ ഉള്ളത്. ഇരുവരോടും വരുന്ന പതിനാലാം തീയതി കസ്റ്റംസ് പ്രിവൻ്റിവിൻെറ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്.
കോൺസുലേറ്റ് വഴി കടത്തിയ ഡോളർ വിദേശത്ത് വച്ച് വാങ്ങിയത് ഇവരാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കോൺസൽ ജനറലും, അറ്റാഷേയുമാണ് ഡോളർ വിദേശത്തേക്ക് എത്തിച്ചതെന്ന് കസ്റ്റംസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. കടത്തിക്കൊണ്ടു വന്ന ഡോളർ വിദ്യാഭ്യാസ മേഖലയിൽ അടക്കം നിക്ഷേപിച്ചു എന്നും കണ്ടെത്തി. രണ്ട് വിദേശ യൂണിവേഴ്സിറ്റിയുടെ ശാഖ ആരംഭിക്കുന്നതിനായിരുന്നു പണം ചെലവഴിച്ചത്. കൂടാതെ മറ്റു ബിസിനസുകൾക്കും ഈ പണം ഉപയോഗിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതോടെ പണം ആരുടേതെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.