തിരുവനന്തപുരം : ഗൾഫ് മേഖലയിൽ നിന്നും സംസ്ഥാനത്തെ വിവിധ എയർപോർട്ടുകളിൽ എത്തുന്ന പ്രവാസികൾക്കുള്ള ആഭ്യന്തര യാത്രാ ക്രമീകരണം പൂർത്തിയായതായി ഗതാഗതമന്ത്രി എ. കെ ശശീന്ദ്രൻ അറിയിച്ചു. എല്ലാ എയർ പോർട്ടുകളിലും യാത്രക്ക് കെഎസ്ആർടിസി ബസ്സ് സജ്ജമാണ്. കാറുകൾ ആവശ്യമുള്ളവർക്ക് ആവശ്യത്തിന് ടാക്സികളും ക്രമീകരിച്ചു. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെയും കെഎസ്ആർടിസി യുടെയും ഉന്നത ഉദ്ദ്യോഗസ്ഥരെ ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രാദേശിക സമയം വൈകിട്ട് നാലുമണിക്കാണ് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യവിമാനം പുറപ്പെടുക. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം വൈകീട്ട് 5.10നും യാത്രതിരിക്കും. 170 പേരായിരിക്കും ഒരു വിമാനത്തില്‍ ഉണ്ടാവുക. ആദ്യ ദിന യാത്രക്കാർക്കുള്ള ടിക്കറ്റ് ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിെൻറയും നിർദേശപ്രകാരം നല്‍കിക്കഴിഞ്ഞു. 6500 ഗര്‍ഭിണികളാണ് യുഎഇയില്‍ നിന്നുമാത്രം നാട്ടിലേക്ക് മടങ്ങാന്‍ റജിസ്റ്റര്‍ ചെയ്തത്. നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഗര്‍ഭിണിയായ യുവതി ആതിരയും ആദ്യ സംഘത്തിലുണ്ട്. ജോലി നഷ്ടമായവര്‍, വിസാകാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവരാണ് ആദ്യ സംഘത്തില്‍ ഇടം നേടിയത്.
മടങ്ങിയെത്തുന്ന പ്രവാസികളെ സര്‍ക്കാർ നിരീക്ഷണ കേന്ദ്രങ്ങളില്‍ തന്നെ 14 ദിവസവും പാര്‍പ്പിച്ച് പരിശോധന നടത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിർദ്ദേശിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ പിന്നീടുള്ള ദിവസങ്ങളില്‍ രോഗ ബാധയും രോഗ പകര്‍ച്ചയും ഉണ്ടാകാമെന്നതിനാലാണ് വിദഗ്ധരുടെ ഈ മുന്നറിയിപ്പ്.