കായംകുളം : സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരമർദനം സഹിക്കവയ്യാതെ പോലീസ് സ്റ്റേഷനിൽ അഭയം തേടിയ സിപിഐ ലോക്കൽ സെക്രട്ടറിയുടെ ഭാര്യയെ ആശുപത്രിയിലാക്കി. സിപിഐ ചിറക്കടവം ലോക്കൽ സെക്രട്ടറി, ചിറക്കടവം പുത്തൻവീട്ടിൽ ഷമീർ റോഷന്റെ ഭാര്യ ഇഹ്സാനയെയാണ് (24) കായംകുളം പോലീസ് താലൂക്ക് ആശുപത്രിയിലാക്കിയത്. ഷമീർ റോഷനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് കേസ്.
മൂന്നുവർഷം മുൻപായിരുന്നു ഇഹ്സാനയുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് സ്ഥിരമായി മർദിച്ചിരുന്നുവെന്ന് യുവതി നൽകിയ മൊഴിയിൽ പറയുന്നു. ഇന്നലെ ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്നാണ് മർദിച്ചത്. സഹിക്കാൻകഴിയാതെ വന്നപ്പോൾ വൈകിട്ട് അഞ്ചരയോടെ പോലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നുവെന്ന് ഇഹ്സാന പറഞ്ഞു. ഇവരുടെ പുറത്ത് ബെൽറ്റുകൊണ്ടുള്ള അടിയേറ്റ പാടുകളുണ്ട്.