ഡല്‍ഹി: ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയ്ക്ക് സിബിഐ നോട്ടീസ്. നാളെ സിബിഐ ആസ്ഥാനത്തെത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിസോദിയ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. “സി.ബി.ഐ നാളെ എന്നെ വീണ്ടും വിളിപ്പിച്ചിരിക്കുന്നു. അവര്‍ എനിക്കെതിരെ സിബിഐയുടെയും ഇഡിയുടെയും മുഴുവന്‍ അധികാരവും ഉപയോഗിച്ചു. ഉദ്യോഗസ്ഥര്‍ എന്റെ വീട് റെയ്ഡ് ചെയ്തു, ബാങ്ക് ലോക്കര്‍ പരിശോധിച്ചു, പക്ഷേ എനിക്കെതിരെ ഒന്നും കണ്ടെത്തിയില്ല. ഡല്‍ഹിയിലെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസത്തിനുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അവര്‍ക്ക് എന്നെ തടയണം. അന്വേഷണവുമായി ഞാന്‍ എപ്പോഴും സഹകരിച്ചിട്ടുണ്ട്, അത് തന്നനെ തുടരും” സിസോദിയ ട്വീറ്റില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിസോദിയയ്ക്കും മറ്റ് 14 പേര്‍ക്കുമെതിരെ സിബിഐ പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 477 എ (രേഖകളില്‍ കൃത്രിമം കാണിക്കല്‍), അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7 എന്നിവ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറക്കിയ ഡല്‍ഹി എക്സൈസ് നയത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.