വാഷിംഗ്ടണ്‍: ജനുവരി 22 ജീവന്റെ പവിത്രതാ ദിനമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഗര്‍ഭാവസ്ഥ മുതല്‍ മരണം വരെ ജീവന്റെ ഓരോഘട്ടവും വിലയേറിയ സമ്മാനമാണെന്നും അവയെല്ലാം സംരക്ഷിക്കപ്പെടേണ്ടതാണെന്നും ട്രംപ് പറഞ്ഞു. ജനിച്ചവരും ജനിക്കാനിരിക്കുന്നവരും, പാവപ്പെട്ടവരും, ദുഃഖിതരും, ഭിന്നശേഷിക്കാരും, ബലഹീനരും, വയോധികരും തുടങ്ങി എല്ലാവര്ക്കും ജന്മസിദ്ധമായ മൂല്യങ്ങളുണ്ട്. ജീവിതങ്ങള്‍ വ്യത്യസ്തമാണെങ്കിലും നിസാരമായി കാണരുതെന്നും എല്ലാം ശ്രേഷ്ഠമാണെന്നും ജീവന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ട്രംപ് പറഞ്ഞു.
1973 ജനുവരി 22ന് ഗര്‍ഭഛിദ്രം നിയമവിധേയമാക്കി അമേരിക്കന്‍ സുപ്രീംകോടതിയുടെ വിധിയുണ്ടായിരുന്നു. പിന്നീട് 11 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനാണ് ജനുവരി 22 ജീവന്റെ പവിത്രതാ ദിനമായി ആചരിച്ച് തുടങ്ങിയത്. ജോര്‍ജ് ബുഷ്, ജോര്‍ജ് ഡബ്യൂ. ബുഷ് എന്നീ പ്രസിഡന്റുമാരും ഇത് തുടര്‍ന്നു. 2018, 2019 വര്‍ഷങ്ങളിലും ട്രംപ് ജീവന്റെ പവിത്രതാ ദിനം ആചരിച്ചിരുന്നു.