ന്യൂഡല്‍ഹി : രാജ്യം കോവിഡിന്റെ പിടിയിൽ നിന്ന് എന്നു മോചനം നേടുമെന്ന് വ്യക്തമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധിഘട്ടങ്ങളിൽ നമ്മൾ ധീരമായി നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളിക്കൾക്കുള്ള യു പി സർക്കാരിന്റെ തൊഴിൽപദ്ധതി ‘ആത്മനിർഭർ യു പി റോസ്ഗാർ യോജന’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിരോധത്തിൽ യു പി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. യൂറോപ്യൻ രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ ഉത്തർപ്രദേശ് കോവിഡ് പ്രതിരോധം നടത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാസ്‌ക് ധരിക്കലും പ്രതിരോധ പ്രവർത്തനങ്ങളും ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും ഗരീബ് കല്യാൺ റോസ്ഗാർ യോജന രാജ്യത്തെ സ്വയംപര്യാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ യു പിയിലെ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആത്മനിർഭർ യു പി റോസ്ഗാർ യോജന പദ്ധതി. 31 ജില്ലകളിലായി 1.25 കോടി തൊഴിലാളികൾക്ക് 125 ദിവസത്തെ പ്രചാരണത്തിലൂടെ നേട്ടമുണ്ടാക്കാനാവും. പദ്ധതിയുടെ ഭാഗമായി 5000 തൊഴിലാളികൾക്ക് ഉപകരണങ്ങളും മറ്റും വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.