കോന്നി : കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രത നിർദേശം നൽകിയ സാഹചര്യത്തിൽ ഭീതിയിൽ ആണ് കോന്നിയും. കോന്നി പൊന്തനാംകുഴി, തേക്കുതോട് പൂച്ചക്കുളം തുടങ്ങി പലയിടങ്ങളിയും ഉരുൾ പൊട്ടൽ ഭീഷണിയിൽ ആണിപ്പോൾ. കനത്ത മഴയെ തുടർന്ന് കോന്നി പൊന്തനാം കുഴി ഐ എച്ച് ഡി പി കോളനിയിൽ റവന്യു വകുപ്പ് അധികൃതർ സന്ദർശനം നടത്തുകയും ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. കോന്നി താലൂക്കിലെ വിവിധ ഇടങ്ങളിൽ ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ അതാത് വില്ലേജ് ഓഫീസർമാർക്കും റവന്യു വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. 2019ഒക്ടോബർ 21 നാണ് കോന്നി പൊന്തനാംകുഴി ഐ എച്ച് ഡി പി കോളനിയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.
കോന്നി ഗ്രാമ പഞ്ചായത്തിലെ 15, 16 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ കോന്നി ഉപ തിരഞ്ഞെടുപ്പ് ദിവസം നടന്ന മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് ജിയോളജിയും ജില്ലാ കളക്ടറും അടങ്ങുന്ന സംഘം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ ഈ ഭൂമി വാസ യോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവർക്ക് വാസയോഗ്യമായ ഭൂമി കണ്ടെത്തുന്നതിന് വീട് വെക്കുന്നതിനും സംസ്ഥാന സർക്കാർ പണം അനുവദിച്ചിരുന്നു എങ്കിലും വാസ യോഗ്യമായ ഭൂമി കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇതും പ്രതിസന്ധിയിലായി. മുപ്പത്തിരണ്ട് കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ആണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴും മഴ പെയ്യുമ്പോൾ ഈ പ്രദേശത്ത് മണ്ണ് ചെറിയ രീതിയിൽ ഇടിഞ്ഞു വീഴുന്നത് പതിവായി മാറുകയാണ്. കഴിഞ്ഞ മഴക്കാലത്താണ് മണ്ണിടിഞ്ഞു വീണ് ഒരു വീടിന്റെ മേൽകൂര തകർന്നത്. പൂച്ചക്കുളത്തും അവസ്ഥ വ്യത്യസ്തമല്ല. പൂച്ചകുളത്ത് ഉണ്ടായ മണ്ണിടിച്ചില്ലിൽ ഒരു പ്രദേശത്തെ റബ്ബർ തോട്ടം മുഴുവൻ ഒളിച്ചു പോയിരുന്നു. ഈ പ്രദേശത്ത് തോട് ഗതി മാറി ഒഴുകി ഒരു വീട് പൂർണ്ണമായി ഒറ്റപ്പെട്ട് പോയിരുന്നു. സീതത്തോട്, ചിറ്റാർ ഗ്രാമ പഞ്ചായത്തുകളിലും മുൻപ് മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ ജില്ലാ ദുരന്ത നിവാരണ സേന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.