തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും തണുപ്പും കോടമഞ്ഞും നിറഞ്ഞ കാഴ്ച എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം എത്തുന്നത് മൂന്നാർ തന്നെയാകും. എന്നാൽ കൊല്ലംകാരോടാണ് ഈ ചോദ്യമെങ്കിൽ ഉത്തരത്തിൽ മൂന്നാർ ഉണ്ടാകും. അത് കൊല്ലംകാരുടെ മൂന്നാർ ആയ അമ്പനാട് ആകുമെന്ന് മാത്രം. മഞ്ഞും തണുപ്പും മാത്രമല്ല, മരങ്ങളും കാഴ്ചകളും എല്ലാം മൂന്നാറിന് സമാനമായ അമ്പനാട് ഹിൽസിലേക്ക് ഒരു യാത്ര പോയാലോ? റെഡിയാണെങ്കിൽ നേരെ കൊല്ലം കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിൽ വിളിച്ച് സീറ്റ് ഉറപ്പിച്ച ശേഷം മതി ബാക്കി കാര്യങ്ങൾ.
കൊല്ലം യാത്രയിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട അമ്പനാട് പാക്കേജിൽ എന്തൊക്കെയാണ് ഒരുക്കിയിരിക്കുന്നതെന്ന് അറിയേണ്ടെ? കൊല്ലത്തിന്‍റെ മൂന്നാറും ഗവിയും ഉൾപ്പെടെ ആരെയും കൊതിപ്പിക്കുന്ന കൊല്ലം കാഴ്ചകൾ കാണാൻ ഇതിലും മികച്ച ഒരു പാക്കേജില്ല എന്നു തന്നെ പറയാം. ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ ആറു മണിക്ക് കൊല്ലം കെഎസ്ആർടിസി ഡിപ്പോയില്‍ നിന്നു പുറപ്പെടുന്ന യാത്രയിൽ ആദ്യം സന്ദർശിക്കുന്നത് പുനലൂർ തൂക്കുപാലമാണ്. കൊല്ലത്തെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള തൂക്കുപാലം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ്.
തൂക്കുപാലത്തിൽ നിന്നിറങ്ങി യാത്ര തുടരുന്നത് ചാലിയക്കര- മാമ്പഴത്തറ റൂട്ടിലൂടെ അമ്പനാട് എസ്റ്റേറ്റിലേക്കാണ്. കൊല്ലത്തിന്റെ ഗവി എന്നറിയപ്പെടുന്ന ചാലിയക്കര- മാമ്പഴത്തറ റൂട്ട് തീർത്തും വ്യത്യസ്തമായ യാത്രാനുഭവമാണ് നല്കുന്നത്. വന്യമൃഗങ്ങളുടെ സ്ഥിരം വിഹാരഭൂമിയായ ഇതുവഴി പോകുമ്പോൾ ആന, കാട്ടുപോത്ത്, മാൻ, മലയണ്ണാൻ തുടങ്ങിയവ ഉൾപ്പെടെ വ്യത്യസ്തങ്ങളായ മൃഗങ്ങളെ കാണാം. ഇവിടുന്ന് ചാലിയേക്കര – അമ്പനാട് റോഡിലേക്ക് കയറുമ്പോൾ കാഴ്ച മയിലുകൾക്ക് വഴിമാറും.
കൊല്ലത്തു ഏറ്റവും അധികം മയിലുകളെ കാണാൻ കഴിയുന്ന പ്രദേശം കൂടിയാണ് ചാലിയേക്കര – അമ്പനാട് റോഡ്. യാത്രയുടെ ലക്ഷ്യസ്ഥാനമായ അമ്പനാട് ഹിൽസിലേക്കാണ് നമ്മള്‍ എത്തുന്ന. കൊല്ലം ജില്ലയിൽ തേയില തോട്ടവും ഫാക്ടറിയും സ്ഥിതി ചെയ്യുന്ന സ്വകാര്യ എസ്റ്റേറ്റ് ആണ് അമ്പനാട്. പുനലൂരിനും ചെങ്കോട്ടയ്ക്കും ഇടയിലുള്ള കഴുത്തുരുട്ടിയിൽ നിന്ന് 12 കിലോമീറ്റർ അകലെയായാണ് അമ്പനാട് ഹിൽസ് സ്ഥിതി ചെയ്യുന്നത്. ഏതു സമയത്ത് വന്നാലും അതിമനോഹരമായ കാഴ്ചകളും കാലാവസ്ഥയുമാണ് അമ്പനാട് ഹിൽസിനുള്ളത്. അമ്പനാടൻ മലനിരകളുടെ ദൃശ്യം ഒന്നു കാണേണ്ടതു തന്നെയാണ്. ഇവിടുന്ന് ചാലിയേക്കര വ്യൂ പോയിന്‍റ് അമ്പനാടൻ വ്യൂ പോയിന്റ് എന്നിവ കണ്ട ശേഷം കഴുതുരുട്ടി വഴി പാലരുവിയിലേക്കാണ് അടുത്ത യാത്ര.
പാലരുവിയിലെ ഔഷധഗുണമുള്ള വെള്ളത്തിൽ കുളിച്ചു യാത്രയുടെ എല്ലാ ക്ഷീണവും മാറ്റിയ ശേഷം നേരെ തെന്മല ഇക്കോ ടൂറിസം സെന്‍ററിലേക്ക് പോകും. ഇവിടുത്തെ കാഴ്ചകൾ കണ്ട് തിരികെ ഡിപ്പോയിലേക്ക് മടങ്ങുന്ന വിധത്തിലാണ് യാത്ര. യാത്രാ നിരക്ക്, അമ്പനാട്, പാലരുവി, തെന്മല എന്നിവിടങ്ങളിലേക്കുള്ള പ്രവേശന നിരക്കും അടക്കം 770 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്. രാത്രിയോടെ കൊല്ലം ഡിപ്പോയിൽ മടങ്ങിയെത്തും. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 97479 69768, 9496110124 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.