ചെങ്ങന്നൂര്‍ : സാക്ഷരതാ മിഷന്‍റെ പ്ലെസ് ടു പരീക്ഷയില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് ജി.എച്ച്.എസ്.എസ് പുലിയൂര്‍ മികച്ച വിജയം നേടിയതിനോടൊപ്പം പത്താം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒരുമിച്ച് പരീക്ഷ എഴുതിയ അമ്മയുടെയും മകളുടെയും വിജയം ശ്രദ്ധേയമായി. ചെങ്ങന്നൂര്‍ കീഴ്ച്ചേരിമേല്‍ മോടിയുഴത്തില്‍ കിഴക്കേതില്‍ രാധാമണി എം.റ്റി (61) മകള്‍ സുനിത എം.ആര്‍ (35) എന്നിവരാണ് പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷയില്‍ മികച്ച വിജയം നേടിയത്. അമ്മയും മകളും ഹ്യൂമാനിറ്റീസ് വിഭാഗമാണ് പഠിച്ചിരുന്നത്. മാവേലിക്കര ഗവ.ഗേള്‍സ് എച്ച്.എസ്.എസിലായിരുന്നു ഇരുവരുടേയും പരീക്ഷ.
ചെങ്ങന്നൂര്‍ ബ്ലോക്ക് ജി.എച്ച്.എസ്.എസ് പുലിയൂര്‍ ഹയര്‍ സെക്കന്‍ണ്ടറി സ്കൂളില്‍ പത്താം ക്ലാസ് മുതല്‍ ഒരുമിച്ചായിരുന്നു അമ്മയും മകളും പഠനം പൂർത്തിയാക്കിയത്. പത്താം ക്ലാസിലെ പരീക്ഷയില്‍ ഇവര്‍ മികച്ച മാര്‍ക്ക് കരസ്ഥമാക്കിയാണ് തുടര്‍ പഠനം നടത്തിയത്. സാക്ഷരതാ മിഷനോടും പുലിയൂരിലെ അദ്ധ്യാപകരോടും നന്ദി അറിയിക്കുന്നതായും രാധാമണിയും മകൾ സുനിതയും പറഞ്ഞു.