തിരുവല്ല : പരിസ്ഥിതി സൗഹൃദ ജീവിതം ഇന്നിന്റെ ശൈലിയായി മാറണമെന്ന് മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തീയാഡോഷ്യസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. പ്രപഞ്ചത്തെ കുറിച്ചുള്ള അതിമനോഹരവും അർത്ഥ സമ്പൂർണ്ണവുമായുള്ള വീക്ഷണങ്ങളും പ്രവർത്തനങ്ങളുമാണ് ഇന്നിന്റെ അനിവാര്യത എന്നും ഓർമ്മപ്പെടുത്തി. ക്രിസ്തീയ ആത്മീയത പ്രപഞ്ച പാരസ്പരീകയതയുടെ ആത്മീയതയാണെന്നും പറഞ്ഞു. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി തിരുവല്ല കൊമ്പാടി എപ്പിസ്കോപ്പൽ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരു ന്നു മെത്രാപ്പോലീത്ത.
എപ്പിസ്കോപ്പൽ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് മാത്യൂസ് മാർ സെറാഫീo എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി ജെ റെജി, കൃഷി വിജ്ഞാനകേന്ദ്രം ഡയറക്ടർ സി പി റോബർട്ട്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജാനറ്റ് ഡാനിയേൽ, മുൻസിപ്പൽ കൗൺസിലർ സാറാമ്മ ഫ്രാൻസിസ്, കൃഷി ഫീൽഡ് ഓഫീസർ ഷീജ വി, അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ ജോസ് പി വയയ്ക്കൽ, കൃഷി അസിസ്റ്റന്റ് ഗിരിജ, ഈ ജെ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ റവ ഡോ. കെ സി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. തിരുവല്ല കൃഷിഭവന്റെ നേതൃത്വത്തിൽ ആണ് ഇവിടെ കൃഷി ആരംഭിച്ചിരിക്കുന്നത്. കൊമ്പാടി ഈ ജെ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് വിഷ രഹിത പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഓപ്പൺ പ്രിസിഷൻ ഫാമിംഗ് സമ്പ്രദായത്തിലാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്.